മാലിന്യനിർമാർജനത്തിൽ പുത്തൻ മാതൃകയാകുകയാണ് ഏലപ്പാറ ഗ്രാമപഞ്ചായത്ത്.പഞ്ചായത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ള പലതരത്തിലുള്ള മാലിന്യങ്ങൾ ശേഖരിച്ച് ഏലപ്പാറയിലെത്തിച്ചശേഷം വിവിധ ഇനങ്ങളായി തരംതിരിച്ച് ഇവിടെനിന്നും കയറ്റി അയക്കുകയാണ് ‘ക്ലീൻ ഏലപ്പാറ’ പദ്ധതി.
ക്ലീൻ ഏലപ്പാറ പദ്ധതിയുടെ ആദ്യഘട്ടം അഡ്വ. സിറിയക് തോമസ് എം.എൽ.എ. നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഉമർ ഫറൂഖ് അധ്യക്ഷത വഹിച്ചു.
വാസ്‌കോ എന്ന കമ്പനിയാണ് മാലിന്യങ്ങൾ ഇവിടെനിന്നും കൊണ്ടുപോകുന്നതിനുള്ള കരാർ ഏറ്റെടുത്തിരിക്കുന്നത്. നിലവിൽ ശേഖരിച്ചിരിക്കുന്ന മാലിന്യങ്ങൾ 15 ദിവസത്തിനകം ഇവിടെനിന്നും കയറ്റിക്കൊണ്ടുപോകും. ഇതോടെ ഏലപ്പാറ എന്ന കൊച്ചുഗ്രാമം മാലിന്യരഹിതമായി സുന്ദരിയാകും.
.
കേരളത്തിലെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമായ വാഗമൺ ഈ പഞ്ചായത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഇവിടെ ദിവസേന വലിയ തോതിൽ മാലിന്യങ്ങളാണ് കുന്നുകൂടിക്കിടക്കുന്നത്.
ഈ പദ്ധതി പൂർത്തിയാകുന്നതോടെ വാഗമണിന്റെ മുഖച്ഛായ മാറുമെന്നതിൽ സംശയമില്ല.പഞ്ചായത്ത് അംഗങ്ങളായ ജൈമോൻ, ശാരദ തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.





