Header Banner
ബിജെപിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു.

ബിജെപിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു.

 



ഡിടിപിസിയിലെ അനധികൃത നിയമനം വിജിലൻസ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി ഏലപ്പാറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കോലാഹലമേട് ഡിടിപിസി ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു.

ബിജെപി ജില്ലാ ജനറൽ സെക്രട്ടറി സി. സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു. ബിജെപി ജില്ലാ സെക്രട്ടറി സന്തോഷ് കൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. ഏലപ്പാറ മണ്ഡലം പ്രസിഡന്റ് ഇൻ ചാർജ് ബിനോജ് കുമാർ അധ്യക്ഷനായി.



അഡ്വഞ്ചർ പാർക്ക് പ്രവേശന കവാടത്തിൽ നിന്ന് പ്രകടനമായി എത്തിയ പ്രവർത്തകരെ ഡിടിപിസി ഓഫീസിന് മുന്നിൽ പോലീസ് തടഞ്ഞു. തുടർന്ന് മുദ്രാവാക്യം വിളികളുമായി പ്രവർത്തകർ സമരം ആരംഭിച്ചു.

അനധികൃത നിയമനം വിജിലൻസ് അന്വേഷിച്ച് കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ഡിടിപിസിയിലെ കടകളും അഡ്വഞ്ചർ പാർക്കിലെ എല്ലാ വിനോദ പ്രവർത്തനങ്ങളും ഡിടിപിസി സെക്രട്ടറിയെയും ഉദ്യോഗസ്ഥരെയും സ്വാധീനിച്ച് വർഷങ്ങളായി ഒരാൾ തന്നെ കരാറെടുക്കുന്ന പ്രവർത്തനമാണ് ഇവിടെ നടക്കുന്നതെന്നും ഇവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ഉദ്ഘാടന പ്രസംഗത്തിൽ സി. സന്തോഷ് കുമാർ ആവശ്യപ്പെട്ടു.



ഡിടിപിസിയിലെ അഴിമതിയെക്കുറിച്ച് രേഖാമൂലം കത്ത് നൽകിയിട്ടും അന്വേഷണം നടത്തുവാനോ നടപടി സ്വീകരിക്കുവാനോ അധികൃതർ തയ്യാറായിട്ടില്ലെന്നും ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസിൽ നിന്ന് നിയമനം നടത്തുകയോ ഒഴിവുകൾ പത്രപരസ്യം നൽകി അഭിമുഖം നടത്തി ജോലിക്ക് എടുക്കുകയോ ചെയ്യേണ്ടപ്പോഴാണ് വർഷങ്ങളായി ഭരിക്കുന്ന പാർട്ടിയുടെ അണികൾക്ക് അനധികൃത നിയമനം ഇവിടെ നടത്തുന്നതെന്നും ഇവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും മുഖ്യപ്രഭാഷണം നടത്തിയ സന്തോഷ് കൃഷ്ണൻ ആവശ്യപ്പെട്ടു.



സുധീഷ് കുമാർ, ജി. വിജയകുമാർ, ഗിരീഷ് ആർ., കെ. വിജയകുമാർ, എൻ. ടി. വിജയൻ, കുര്യാക്കോസ് ജോസഫ്, ജി. ശരവണൻ, ശശികല സെൽവം, കന്നി മരിയ ചിത്ര എന്നിവർ പ്രസംഗിച്ചു. കുറ്റക്കാർക്കെതിരെ നടപടി സ്വീകരിച്ചില്ലെങ്കിൽ ബിജെപി വൻ പ്രക്ഷോഭത്തിലേക്ക് പോകുമെന്നും നേതാക്കൾ അറിയിച്ചു.