Header Banner
ഓട്ടോറിക്ഷ തൊഴിലാളിക്ക് മോട്ടോർ വാഹന വകുപ്പ് നൽകിയത് കനത്ത പിഴ

ഓട്ടോറിക്ഷ തൊഴിലാളിക്ക് മോട്ടോർ വാഹന വകുപ്പ് നൽകിയത് കനത്ത പിഴ

 


ഓട്ടോറിക്ഷ തൊഴിലാളിക്ക് മോട്ടോർ വാഹന വകുപ്പ് നൽകിയത്24,000 രൂപ പിഴ. പിഴ അടയ്ക്കുവാൻ വഴിയില്ലാതെ കട്ടപ്പനയിലെ ഓട്ടോ ഡ്രൈവർ പ്രതിസന്ധിയിൽ. നിസ്സാര കുറ്റങ്ങൾക്ക് വരെ ഭീകരമായ പിഴകൾ നൽകുന്നത് സർക്കാരിനെതിരെ ജനരോഷം ഉയരുന്നു


മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥൻ ചുമത്തിയ  24,000 രൂപയുടെ പിഴയെ തുടർന്ന് കട്ടപ്പനയിലെ ഓട്ടോ ഡ്രൈവർ സനു സത്യൻ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ. വാഹനത്തിൽ മീറ്റർ ഇല്ല, വീൽ കപ്പ് സ്ഥാപിച്ചു, സ്റ്റീരിയോ ഘടിപ്പിച്ചു തുടങ്ങിയ നിയമലംഘനങ്ങൾ ചൂണ്ടിക്കാട്ടിയാണ് പിഴ ചുമത്തിയതെന്നാണ് പരാതി. ലൈസൻസ് ഇല്ലെന്നും ഉദ്യോഗസ്ഥൻ രേഖപ്പെടുത്തിയെങ്കിലും തനിക്ക് സാധുവായ ലൈസൻസ് ഉണ്ടായിരുന്നെന്നും അത് പരിശോധിക്കാൻ പോലും ഉദ്യോഗസ്ഥൻ തയ്യാറായില്ലെന്നും സനു ആരോപിക്കുന്നു. പരിശോധന നടത്തിയ ഉദ്യോഗസ്ഥൻ യൂണിഫോമിലായിരുന്നില്ലെന്നും പരാതിയുണ്ട് 

 


ഓട്ടോ തൊഴിലാളികളുടെ വരുമാനം വലിയ തോതിൽ കുറഞ്ഞിരിക്കുന്ന സാഹചര്യത്തിലാണ് ഇത്രയും ഉയർന്ന തുകയുടെ പിഴയെന്നതും പ്രതിഷേധത്തിന് ഇടയാക്കുന്നു. സ്ത്രീകൾക്ക് ബസുകളിൽ സൗജന്യ യാത്ര അനുവദിക്കുന്ന പ്രിയദർശിനി പദ്ധതി നിലവിൽ വന്നതോടെ ആശുപത്രി ആവശ്യങ്ങൾക്കുൾപ്പെടെ പല യാത്രകളും ഓട്ടോറിക്ഷയ്ക്ക് പകരം ബസുകളിലേക്ക് മാറിയതായി തൊഴിലാളികൾ പറയുന്നു. ഓട്ടോയുടെ സിസി ഉൾപ്പെടെയുള്ള പ്രതിമാസ ബാധ്യതകൾ പോലും അടയ്ക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് പല തൊഴിലാളികളുമെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.


ം

മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥനായ  എൽദോസിനെതിരെ നേരത്തെയും നിരവധി പരാതികൾ ഉയർന്നിട്ടുണ്ടെന്നാണ് ഓട്ടോ തൊഴിലാളികളുടെ ആരോപണം. വീടിന്റെ മുറ്റത്ത് കിടന്ന വാഹനത്തിന് പോലും പിഴ ചുമത്തിയ സംഭവങ്ങളുണ്ടെന്നും, മോട്ടോർ വാഹന വകുപ്പുമായി ബന്ധപ്പെട്ട് നേരിട്ട് ഇടപെടുന്നവർക്കും ഏജന്റുമാർക്കും ഉദ്യോഗസ്ഥന്റെ നടപടികൾ ബുദ്ധിമുട്ടുണ്ടാക്കുന്നതായും തൊഴിലാളികൾ ആരോപിക്കുന്നു.        

 


അടുത്തിടെ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ ആരോപണമുന്നയിച്ച ശേഷം ഒരു ഓട്ടോ ഡ്രൈവർ ആത്മഹത്യ ചെയ്ത സംഭവത്തിന്റെ പശ്ചാത്തലത്തിൽ, കട്ടപ്പനയിലെ നടപടിയും ഗൗരവമായി പരിശോധിക്കണമെന്നാണ് ആവശ്യം. എൽദോസ് ചുമത്തിയതായി പറയുന്ന പിഴ നടപടികൾ ഉൾപ്പെടെ പരാതികൾ പരിശോധിക്കണമെന്നും, നിയമം കർശനമായി നടപ്പാക്കുന്നതിനൊപ്പം ഉപജീവനത്തിനായി ഓട്ടോ ഓടിക്കുന്ന സാധാരണ തൊഴിലാളികളോട് മാനുഷിക സമീപനം സ്വീകരിക്കണമെന്നും തൊഴിലാളികളും പൊതുജനങ്ങളും ആവശ്യപ്പെടുന്നു