ഉപ്പുതറയിൽ സിപിഐഎം നേതാവിന് വെട്ടേറ്റു. ഉപ്പുതറ ആശുപത്രിപ്പടിക്ക് സമീപം ചിരട്ടവേലിയിൽ ക്രിസ്റ്റിക്കാണ് വെട്ടേറ്റത്. സിപിഐഎം ലോക്കൽ കമ്മിറ്റി അംഗവും ഏലപ്പാറ ഏരിയ പ്രസിഡന്റും മോട്ടോർ തൊഴിലാളി യൂണിയൻ (സിഐടിയു) ജില്ലാ കമ്മിറ്റി അംഗവുമാണ് ക്രിസ്റ്റി.
പുതുക്കട സ്വദേശിയും ബിഎംഎസ് യൂണിയൻ പ്രവർത്തകനുമായ ശിവയാണ് ക്രിസ്റ്റിയെ വെട്ടിപ്പരിക്കേൽപ്പിച്ചത്. രാഷ്ട്രീയ മുൻവൈരാഗ്യവും ഇരുവരും തമ്മിലുണ്ടായിരുന്ന തർക്കവുമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പ്രാഥമിക വിവരം.
സംഭവത്തിന് പിന്നാലെ ശിവ ഒളിവിൽ പോയതായി പൊലീസ് അറിയിച്ചു. ഇയാളെ കണ്ടെത്തുന്നതിനായി പൊലീസ് തിരച്ചിൽ ആരംഭിച്ചു. ഗുരുതരമായി പരിക്കേറ്റ ക്രിസ്റ്റിയെ കട്ടപ്പന സെന്റ് ജോൺസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതിയെ എത്രയും വേഗം കസ്റ്റഡിയിലെടുക്കണമെന്ന് സിപിഐഎം നേതാക്കൾ ആവശ്യപ്പെട്ടു.



