കഴിഞ്ഞ ദിവസം സിപിഐഎം നേതാവിന് വെട്ടേറ്റ സംഭവത്തിൽ സിപിഐഎം ഉപ്പുതറ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉപ്പുതറയിൽ പ്രതിഷേധ പ്രകടനം നടത്തി.
സിപിഐഎം ലോക്കൽ കമ്മിറ്റി അംഗവും ഏലപ്പാറ ഏരിയ പ്രസിഡന്റും മോട്ടോർ തൊഴിലാളി യൂണിയൻ (സിഐടിയു) ജില്ലാ കമ്മിറ്റി അംഗവുമായ ക്രിസ്റ്റിക്കാണ് ഇന്നലെ വെട്ടേറ്റത്.
സംഭവത്തിൽ പ്രതിയായ ബിഎംഎസ് യൂണിയൻ പ്രവർത്തകൻ ശിവ എന്നറിയപ്പെടുന്ന വിവേകാനന്ദൻ ഒളിവിൽ പോയിരുന്നു. തുടർന്ന് ഇന്ന് ഇയാൾ പൊലീസിൽ കീഴടങ്ങി.
വിവേകാനന്ദനെതിരെ മുൻപും വിവിധ പരാതികൾ പൊലീസിൽ നൽകിയിരുന്നെങ്കിലും, പ്രതിയെ സംരക്ഷിക്കുന്ന നിലപാടാണ് പൊലീസ് സ്വീകരിച്ചതെന്ന് സിപിഐഎം നേതാക്കൾ ആരോപിച്ചു.
പ്രതിക്കെതിരെ കർശന നടപടി സ്വീകരിക്കാത്ത പക്ഷം കൂടുതൽ പ്രതിഷേധ പരിപാടികളുമായി മുന്നോട്ടുപോകുമെന്നും നേതാക്കൾ പറഞ്ഞു.
പ്രതിഷേധ പ്രകടനത്തിൽ സിപിഐഎം ഏലപ്പാറ ഏരിയ സെക്രട്ടറി എം.ടി. സജി, ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് ബി. അനൂപ്, ഏരിയ കമ്മിറ്റി അംഗങ്ങളായ രവികുമാർ, ആർ. ഷീലാ രാജൻ, കലേഷ് കുമാർ കെ., പ്രശാന്ത് എന്നിവർ സംസാരിച്ചു.ലോക്കൽ കമ്മിറ്റി അംഗങ്ങളായ ജി ഷാജി, ബിജു ചെബ്ലാവൻ, സുനിൽ സി ബെന്നി വർഗീസ്, മനു ആന്റണി, രതീഷ്, രാജേഷ്, വിജേഷ് പി വി, ജയിമോൾ രാജേഷ്, ഡി ആൽബർട്ട് എന്നിവരും നിരവധി പ്രവർത്തകരും പങ്കെടുത്തു.



