മൊബൈൽ ഫോണിന് റേഞ്ച് ലഭിക്കാത്ത കാക്കത്തോട് പ്രദേശത്തെ കുറ്റിയിൽപടി ഭാഗത്ത് സ്വകാര്യ കമ്പനി നിർമ്മിക്കുന്ന ടവറിന്റെ പണികളാണ് അനിശ്ചിതത്വത്തിലായിരുന്നത്. കാക്കത്തോട്ടിലെ ഹെഡ്‌ലോഡ് തൊഴിലാളികൾ അമിത കൂലി ആവശ്യപ്പെട്ടതിനെ തുടർന്ന് നിർമ്മാണം ആരംഭിക്കാനാകാതെ പ്രതിസന്ധിയിലായ സംഭവം, ഉപ്പുതറയിൽ നിന്ന് ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോർഡ് അംഗങ്ങൾ എത്തി സാധനസാമഗ്രികൾ ഇറക്കാൻ തയ്യാറായതോടെ പരിഹരിക്കപ്പെട്ടു.
മൊബൈൽ ടവർ നിർമ്മാണത്തിന് ആവശ്യമായ സാമഗ്രികൾ കോയമ്പത്തൂരിൽ നിന്ന് ദിവസങ്ങൾക്ക് മുമ്പാണ് പണിസ്ഥലത്ത് എത്തിച്ചത്. എന്നാൽ കാക്കത്തോട്ടിലെ കയറ്റിറക്ക് തൊഴിലാളികൾ അമിത കൂലി ആവശ്യപ്പെട്ടതിനെ തുടർന്ന് സാധനങ്ങൾ ഇറക്കാനാവാത്ത അവസ്ഥയിലായി. സാധനങ്ങളുമായി വന്ന വാഹനം ദിവസങ്ങളായി റോഡരുകിൽ പാർക്ക് ചെയ്തിരുന്നത് കാക്കത്തോട് വഴിയുള്ള ഗതാഗതത്തിനും തടസ്സമായിരുന്നു.
തൊഴിലാളികൾ അമിത കൂലി ആവശ്യപ്പെട്ടതിനെ തുടർന്ന് മൊബൈൽ കമ്പനി ലേബർ ഓഫീസിൽ പരാതിപ്പെടുകയും പീരുമേട് അസിസ്റ്റന്റ് ലേബർ ഓഫീസർ അരുണോദയ് സ്ഥലത്തെത്തി ചർച്ച നടത്തുകയും ചെയ്തെങ്കിലും ലോഡ് ഇറക്കാൻ ഇവർ തയ്യാറായില്ല.
തുടർന്ന് സർക്കാർ അംഗീകരിച്ച കൂലിയിൽ ഉപ്പുതറയിലെ ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോർഡ് അംഗങ്ങൾ സാധനങ്ങൾ ഇറക്കാൻ തുടങ്ങിയതോടെ, കാക്കത്തോട്ടിലെ തൊഴിലാളികളും അംഗീകൃത കൂലിക്ക് സാധനങ്ങൾ ഇറക്കാൻ തയ്യാറാവുകയും പ്രശ്നത്തിന് ശാശ്വത പരിഹാരമാവുകയും ചെയ്തു. ഉപ്പുതറ പോലീസ് സബ് ഇൻസ്പെക്ടർ മജീദിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും സ്ഥലത്തെത്തിയിരുന്നു.




