തമിഴ്‌നാട് സർക്കാർ കേരളത്തിലേക്കുള്ള നിർമ്മാണ സാമഗ്രികളുടെ കയറ്റുമതി നിർത്തലാക്കിയതോടെ സംസ്ഥാനത്തെ നിർമ്മാണ മേഖല വലിയൊരു പ്രതിസന്ധിയിലേക്കാണ് കൂപ്പുകുത്തിയത്. വിപണിയിൽ ആവശ്യത്തിന് സാധനങ്ങൾ കിട്ടാത്ത സാഹചര്യം വന്നതോടെ അമിതവില ഈടാക്കിയാണ് കച്ചവടം നടക്കുന്നത്. കല്ല്, മണ്ണ്, മണൽ എന്നിവയുടെ ഖനനത്തിനും കടത്തിനും നിയമപരമായ നിയന്ത്രണങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും അമിതവില നൽകാൻ തയ്യാറുള്ള ഉപഭോക്താക്കൾക്ക് ഇവ യഥേഷ്ടം ലഭിക്കുന്നു എന്നതാണ് അവസ്ഥ. നിയമങ്ങൾ കടലാസിൽ കർശനമായി തുടരുമ്പോഴും വിപണിയിൽ വൻതോതിൽ നിയമലംഘനം നടക്കുകയാണ്. ഇന്ന് ഒരു ലോഡ് മണ്ണ് ഇറക്കണമെങ്കിൽ പോലും 2,000 രൂപയോളം കൊടുക്കേണ്ടി വരുന്നു.
ഇതിനിടയിൽ, അനാവശ്യമായി അതിർത്തി കടത്തുന്ന നിർമ്മാണ സാമഗ്രികൾ തടഞ്ഞതിനെ തുടർന്ന് തമിഴ്‌നാട്ടിൽ വലിയ രീതിയിലുള്ള ചോദ്യങ്ങളാണ് സോഷ്യൽ മീഡിയയിലടക്കം ഉയരുന്നത്. ആവശ്യത്തിന് മണലും പാറയും കേരളത്തിൽ തന്നെയുണ്ടായിട്ടും എന്തിനാണ് തമിഴ്‌നാട്ടിൽ നിന്ന് ഇവ കൊണ്ടുപോകുന്നത് എന്ന ന്യായമായ ചോദ്യമാണ് അവിടുത്തെ ജനങ്ങൾ ചോദിക്കുന്നത്. നമ്മുടെ ഡാമുകളിലും തോടുകളിലും വലിയ തോതിൽ മണൽ അടിഞ്ഞുകൂടി കിടപ്പുണ്ട്. കൂടാതെ ആവശ്യത്തിന് പാറമടകളും ഇവിടെയുണ്ട്. എന്നിട്ടും അന്യസംസ്ഥാനങ്ങൾ വിഭവങ്ങൾ തടയുമ്പോൾ അവർക്ക് കത്തയച്ച് തരാമോ എന്ന് കെഞ്ചുകയല്ല, മറിച്ച് ഇവിടെയുള്ള വിഭവങ്ങൾ ഉപയോഗപ്പെടുത്തുകയാണ് ഭരണാധികാരികൾ ചെയ്യേണ്ടത്.
തോടുകളിലെ മണൽ വാരുകയും, കൃത്യമായ നിയമങ്ങളും നിബന്ധനകളും പാലിച്ചുകൊണ്ട് പാറമടകൾക്ക് ലൈസൻസ് നൽകുകയും ചെയ്താൽ തീരുന്ന പ്രശ്നമേ നിലവിലുള്ളൂ. തമിഴ്‌നാട്ടിൽ പുതുതായി വന്ന എം.എൽ.എമാർ പോലും സ്വന്തം സംസ്ഥാനത്തിന്റെ താത്പര്യങ്ങൾ സംരക്ഷിക്കാൻ ഇച്ഛാശക്തി കാണിക്കുമ്പോൾ, ദീർഘകാലത്തെ ഭരണപരിചയമുള്ള കേരളത്തിലെ എം.എൽ.എമാർക്ക് അതിന് സാധിക്കുന്നില്ല. പരിസ്ഥിതി പ്രശ്നങ്ങൾ മാത്രം മുൻനിർത്തി സാധ്യമായതെല്ലാം മുടക്കുന്ന സമീപനമാണ് ഇവിടെ തുടരുന്നത്. ഇതിന്റെ ആത്യന്തികമായ ദുരന്തം അനുഭവിക്കുന്നത് അമിതവില കൊടുത്ത് സാധനങ്ങൾ വാങ്ങാൻ നിർബന്ധിതരാകുന്ന സാധാരണക്കാരായ പൊതുജനങ്ങളാണ്.



