Header Banner
കർഷകർ പ്രത്യാശയോടെ ഓർക്കുന്നു.മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയരാൻ തേക്കടിയിൽ സർവ്വമത പ്രാർഥനയുമായി തമിഴ്‌നാട്ടിലെ കർഷകർ

കർഷകർ പ്രത്യാശയോടെ ഓർക്കുന്നു.മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയരാൻ തേക്കടിയിൽ സർവ്വമത പ്രാർഥനയുമായി തമിഴ്‌നാട്ടിലെ കർഷകർ


കുമളി: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങളിൽ കാലവർഷം കനിയാത്തതിനെ തുടർന്ന് ജലനിരപ്പ് ഉയരുന്നതിനായി തേക്കടിയിൽ സർവ്വമത പ്രാർഥനയുമായി തമിഴ്‌നാട്ടിലെ കർഷക സംഘടനകൾ ഒത്തുചേർന്നു.  അണക്കെട്ടിൽ നിന്നും തമിഴ്‌നാട്ടിലേക്ക് വെള്ളം കൊണ്ടുപോകുന്ന തേക്കടിയിലെ സ്പിൽവേ ഷട്ടറിന് സമീപമായിരുന്നു വിവിധ മതവിഭാഗങ്ങളിൽ നിന്നുള്ള നൂറുകണക്കിന് കർഷകർ പങ്കെടുത്ത ചടങ്ങ് നടന്നത്


.


ഡാമിൽ ആവശ്യത്തിന് വെള്ളമില്ലാത്തതിനാൽ ഈ വർഷം ജലസേചനത്തിനായി തമിഴ്‌നാട്ടിലേക്ക് ഇതുവരെ വെള്ളം തുറന്നുവിടാൻ കഴിഞ്ഞിട്ടില്ല. സാധാരണയായി എല്ലാ വർഷവും ജൂൺ ആദ്യവാരത്തോടെ തന്നെ തമിഴ്‌നാട് ഒന്നാം കൃഷിക്കായി വെള്ളം കൊണ്ടുപോയി തുടങ്ങാറുള്ളതാണ്. എന്നാൽ ഇത്തവണ മഴ കുറഞ്ഞതോടെ അണക്കെട്ടിലെ ജലനിരപ്പ് 112 അടിയായി താഴുകയും കൃഷി പൂർണ്ണമായും പ്രതിസന്ധിയിലാവുകയുമായിരുന്നു. തേനി ഉൾപ്പെടെ തമിഴ്‌നാട്ടിലെ അഞ്ച് ജില്ലകളിലെ പതിനാലായിരത്തിലധികം കർഷക കുടുംബങ്ങളുടെ പ്രധാന ജീവനനാഡിയാണ് മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലം.



തേക്കടിയിലെ തമിഴ്‌നാട് പൊതുമരാമത്ത് വകുപ്പ് ഓഫീസ് വളപ്പിലെ ജയദുർഗ്ഗാ ദേവി ക്ഷേത്രത്തിൽ വച്ച് മഴയ്ക്കായി വരുണ ഭഗവാനെ പ്രീതിപ്പെടുത്താൻ പ്രത്യേക യാഗ പൂജകൾ നടത്തിയാണ് ചടങ്ങുകൾ ആരംഭിച്ചത്. തുടർന്ന് പൂജിച്ച പുണ്യനീരുമായി കർഷകർ ഷട്ടർ പരിസരത്തേക്ക് എത്തുകയും അവിടെ വച്ച് പൂജാരി രവി, ഫാ. ജ്ഞാനപ്രകാശം, അലാവുദ്ദീൻ മൗലവി എന്നിവരുടെ നേതൃത്വത്തിൽ ഹിന്ദു, ക്രിസ്ത്യൻ, ഇസ്‌ലാം മതവിശ്വാസപ്രകാരമുള്ള കൂട്ടപ്രാർത്ഥനകൾ നടത്തുകയും ചെയ്തു


. പ്രാർത്ഥനയ്ക്ക് ശേഷം പൂജിച്ച തീർത്ഥം പെരിയാർ നദിയിലേക്ക് ഒഴുക്കി. ചടങ്ങിൽ കർഷക കൂട്ടായ്മ പ്രസിഡന്റ് മനോഹരൻ, സെക്രട്ടറി രഞ്ജിത്ത് എന്നിവരും പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു. മുൻപ് 2019-ലും സമാനമായ രീതിയിൽ ഡാമിലെ ജലനിരപ്പ് വൻതോതിൽ താഴ്ന്നപ്പോൾ ഇതേ സ്ഥലത്ത് സർവ്വമത പ്രാർഥന നടത്തിയിരുന്നതായും അതിന് പിന്നാലെ ശക്തമായ മഴ ലഭിച്ചതായും കർഷകർ പ്രത്യാശയോടെ ഓർക്കുന്നു.