
നിയമവിരുദ്ധമായി വാഹനം നിരത്തിലിറക്കില്ലെന്ന് കുമളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. എം. വർഗീസ്
കുമളി: ഇൻഷുറൻസും ഫിറ്റ്നസും
ഇല്ലാതെ ആംബുലൻസ് നിരത്തിലിറക്കാൻ നിലവിലെ ഭരണസമിതിക്ക് ഉദ്ദേശ്യമില്ലെന്ന് കുമളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. എം. വർഗീസ് അറിയിച്ചു. ആംബുലൻസ് വിഷയത്തിൽ ഇന്ന് ആശുപത്രി ഉപരോധിക്കാൻ വരുന്ന രാഷ്ട്രീയ പാർട്ടി പ്രവർത്തകർ വസ്തുതകൾ മനസ്സിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ, പ്രത്യേകിച്ച് ആംബുലൻസ് പോലുള്ള അത്യാഹിത വാഹനങ്ങൾ ഇൻഷുറൻസും ഫിറ്റ്നസും ഇല്ലാതെ സർവീസ് നടത്തുന്നത് നിയമവിരുദ്ധമാണ്. സർക്കാർ വാഹനങ്ങൾക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കണമെങ്കിൽ പി.ഡബ്ല്യു.ഡി (PWD) മെക്കാനിക്കൽ അസിസ്റ്റന്റ് എഞ്ചിനീയർ (AE) വാഹനം പരിശോധിക്കേണ്ടതുണ്ട്. നിലവിൽ എറണാകുളം, ഇടുക്കി ജില്ലകൾക്കായി ഒരൊറ്റ എ.ഇ മാത്രമാണുള്ളത് എന്നതിനാലാണ് നടപടിക്രമങ്ങളിൽ ചെറിയ കാലതാമസം നേരിടുന്നത്.മുൻ ഭരണസമിതി ഫിറ്റ്നസോ ഇൻഷുറൻസോ ഇല്ലാതെ എത്രകാലം ഈ ആംബുലൻസ് നിരത്തിലിറക്കി സർവീസ് നടത്തിയിരുന്നു എന്ന് സമരക്കാർ പരിശോധിക്കുന്നത് നന്നായിരിക്കും. വിവരാവകാശ നിയമപ്രകാരം ഈ വിവരങ്ങൾ ആർക്കും ലഭ്യമാണ്. മുൻ ഭരണസമിതി ചെയ്തതുപോലെ നിയമം ലംഘിച്ച് വാഹനം ഓടിക്കാൻ നിലവിലെ ഭരണസമിതി തയ്യാറല്ല.ആംബുലൻസിന് ഫിറ്റ്നസ് ലഭിക്കാനുള്ള ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയായാലുടൻ വാഹനം പൊതുജനങ്ങൾക്കായി നിരത്തിലിറക്കും. അതുവരെ രോഗികൾക്കായി പഞ്ചായത്ത് പകരം സംവിധാനം ഒരുക്കിയിട്ടുണ്ട്. ജനാധിപത്യപരമായ എല്ലാ സമരങ്ങളെയും പ്രതിഷേധങ്ങളെയും സ്വാഗതം ചെയ്യുന്നു. എന്നാൽ രാഷ്ട്രീയ പ്രേരിതമായി നടത്തുന്ന സമരങ്ങളുടെ പേരിൽ നിയമവിരുദ്ധമായി വാഹനം ഉപയോഗിക്കാൻ ആവശ്യപ്പെടരുതെന്ന് കുമളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. എം. വർഗീസ് അഭ്യർത്ഥിച്ചു.