വാഗമൺ: വരട്ടുമേട് വിനോദസഞ്ചാര മേഖലയിലെ വ്യാപകമായ സർക്കാർ ഭൂമി കയ്യേറ്റങ്ങൾക്കെതിരെ റവന്യൂ വകുപ്പ് കർശന നടപടിയുമായി രംഗത്ത്. വ്യാജരേഖകൾ ഉപയോഗിച്ചും അനധികൃതമായും കൈവശപ്പെടുത്തിയതായി കണ്ടെത്തിയ സർക്കാർ ഭൂമി ജെസിബി ഉപയോഗിച്ച് ഒഴിപ്പിച്ചു. പീരുമേട് തഹസിൽദാർ ജോജോ വി. സെബാസ്റ്റ്യന്റെ നേതൃത്വത്തിലുള്ള റവന്യൂ സംഘം സ്ഥലത്തെത്തി മണിക്കൂറുകളോളം നീണ്ട നടപടികളാണ് പൂർത്തിയാക്കിയത്.
ഇതിനിടെ, സുരക്ഷാ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി വരട്ടുമേടിലേക്കുള്ള ട്രക്കിംഗ് താൽക്കാലികമായി പൂർണമായി നിർത്തിവയ്ക്കാൻ റവന്യൂ വകുപ്പ് തീരുമാനിച്ചു. പ്രദേശത്തേക്കുള്ള പ്രവേശന റോഡിൽ നിയന്ത്രണം ഏർപ്പെടുത്തി പരിശോധന ശക്തമാക്കുമെന്നും അധികൃതർ വ്യക്തമാക്കി.
ഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ട പരിശോധനയുടെ ഭാഗമായി നടൻ പ്രകാശ് രാജിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തിന്റെ ഒരു ഭാഗവും സർക്കാർ ഭൂമിയിലാണെന്ന പ്രാഥമിക കണ്ടെത്തലിനെ തുടർന്ന് അളന്ന് തിട്ടപ്പെടുത്താൻ നോട്ടീസ് നൽകിയിട്ടുണ്ട്. അദ്ദേഹത്തിന്റെ സാന്നിധ്യത്തിൽ സർവേ നടത്തി യഥാർഥ അതിർത്തി നിർണയിക്കുമെന്നും, സർക്കാർ ഭൂമി കൈയേറിയതായി തെളിഞ്ഞാൽ നിയമനടപടികൾ സ്വീകരിക്കുമെന്നും റവന്യൂ ഉദ്യോഗസ്ഥർ അറിയിച്ചു.





