അയ്യപ്പൻകോവിൽ: വിനോദസഞ്ചാര കേന്ദ്രമായ അയ്യപ്പൻകോവിൽ തൂക്കുപാലത്തിന് സമീപം നിൽക്കുന്ന വൻമരങ്ങൾ വൻ ഭീഷണിയാകുന്നു. തൂക്കുപാലത്തിലേക്ക് മരം വീണിട്ട് ഒരാഴ്ചയിലേറെയായെങ്കിലും ഇത് വെട്ടിമാറ്റാൻ അധികൃതർ തയ്യാറായിട്ടില്ല. അയ്യപ്പൻകോവിൽ - കാഞ്ചിയാർ പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്നതാണ് ഈ തൂക്കുപാലം.
പാലത്തിന് സമീപം നിൽക്കുന്ന കാറ്റാടി മരങ്ങൾ ദ്രവിച്ച് ഏതുസമയത്തും നിലംപൊത്താവുന്ന അവസ്ഥയിലാണ്. ദിനംപ്രതി നൂറുകണക്കിന് വിനോദസഞ്ചാരികൾ എത്തുന്ന ഈ തൂക്കുപാലം 2012-ലാണ് നിർമ്മിച്ചത്. നിർമ്മാണത്തിനുശേഷം യാതൊരുവിധ അറ്റകുറ്റപ്പണികളും നടത്താത്തതിനാൽ പാലം നിലവിൽ വലിയ അപകടാവസ്ഥയിലാണ്. ഇതിനിടയിലാണ് ഇരുട്ടടിയായി പാലത്തിലേക്ക് മരം വീണുകിടക്കുന്നത്. കൂടാതെ, സമീപത്തുനിൽക്കുന്ന മറ്റു മരങ്ങളും ഏതുസമയത്തും പാലത്തിലേക്ക് നിലംപൊത്താം.
വനസംരക്ഷണത്തിന്റെ ഭാഗമായി സോഷ്യൽ ഫോറസ്ട്രിയുടെ നേതൃത്വത്തിൽ 35 വർഷങ്ങൾക്ക് മുൻപ് വച്ചുപിടിപ്പിച്ച മരങ്ങളാണ് ഇപ്പോൾ അപകടഭീഷണിയുയർത്തുന്നത്. സുരക്ഷ മുൻനിർത്തി 25 പേരിൽ കൂടുതൽ ആളുകൾ ഒരേസമയം പാലത്തിൽ കയറരുതെന്ന് ജില്ലാ കളക്ടറുടെ ഉത്തരവുള്ളപ്പോഴാണ് പാലത്തിന്മേൽ മരം വീണുകിടക്കുന്നത്.
പലതവണ അധികൃതരോട് പരാതിപ്പെട്ടിട്ടും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. വലിയ അപകടങ്ങൾ സംഭവിച്ചശേഷം "മുതലക്കണ്ണീരുമായി" എത്തുന്നതിലും നല്ലത്, അധികൃതർ എത്രയും വേഗം ഇടപെട്ട് ഈ പ്രശ്നത്തിന് പരിഹാരം കാണുകയാണെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.




