Header Banner
MDMA യുമായി യുവതിയും, യുവാവും പിടിയിൽ.

MDMA യുമായി യുവതിയും, യുവാവും പിടിയിൽ.

 


യുവതിയും യുവാവും പിടിയിൽ :ബെംഗളൂരുവിൽ നിന്നും രണ്ട് വ്യത്യസ്ത ട്രാവൽ ബസുകളിലായി കോട്ടയത്തേക്ക് വരികയായിരുന്ന ഒരു യുവാവും യുവതിയും പാലക്കാട് വടക്കഞ്ചേരിയിൽ വെച്ച് പോലീസിന്റെ പിടിയിലായി. വടക്കഞ്ചേരിയിൽ എത്തിയ ശേഷം ഇരുവരും ഒത്തുചേരുകയും തുടർന്ന് അവിടെ നിന്നും നാട്ടിലേക്ക് ഒരുമിച്ച് യാത്ര ചെയ്യാൻ തീരുമാനിക്കുകയുമായിരുന്നു. എന്നാൽ ഇവരുടെ ഈ പദ്ധതിയെക്കുറിച്ച് പോലീസിന് കൃത്യമായ രഹസ്യവിവരം ലഭിച്ചു.



ഈ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ, പന്നിയങ്കര ടോൾ പ്ലാസയ്ക്ക് സമീപം മറ്റൊരു ബസിൽ ഒരുമിച്ച് യാത്ര ചെയ്യാൻ കാത്തുനിൽക്കുന്നതിനിടെയാണ് ഇവർ പോലീസിന്റെ വലയിലായത്. ഇവരുടെ പക്കൽ നിന്നും ആകെ 46 ഗ്രാം എം.ഡി.എം.എ മയക്കുമരുന്നാണ് വടക്കഞ്ചേരി പോലീസ് പിടികൂടിയത്.



കോട്ടയം പൊൻകുന്നം സ്വദേശിയായ ഇരുപത്തിയഞ്ചുകാരി എലിസബത്ത്, ഈരാറ്റുപേട്ട അരുവിത്തുററ കടുവാമൂഴി സ്വദേശിയായ ഇരുപത്തിയൊൻപതുകാരൻ ഷാഹുൽ സുനീർ എന്നിവരാണ് അറസ്റ്റിലായ പ്രതികൾ. ദേഹപരിശോധനയിൽ എലിസബത്തിന്റെ അടിവസ്ത്രത്തിൽ ഒളിപ്പിച്ച നിലയിൽ 21.164 ഗ്രാം എം.ഡി.എം.എയും, ഷാഹുൽ സുനീറിന്റെ പാന്റിന്റെ പോക്കറ്റിൽ നിന്നും 24.089 ഗ്രാം എം.ഡി.എം.എയുമാണ് പോലീസ് കണ്ടെടുത്തത്.


ബെംഗളൂരുവിൽ നിന്നും ഈ മയക്കുമരുന്ന് വാങ്ങി നാട്ടിൽ കൊണ്ടുവന്ന് വിൽപ്പന നടത്താനായിരുന്നു തങ്ങളുടെ പദ്ധതിയെന്ന് ഇവർ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. മയക്കുമരുന്ന് വേട്ടയ്ക്കായി പോലീസ് ആരംഭിച്ച 'ഓപ്പറേഷൻ തൂഫാൻ' എന്ന പദ്ധതി വടക്കഞ്ചേരിയിൽ വളരെ ശക്തമായി പുരോഗമിക്കുകയാണെന്ന് പോലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.