വണ്ടിപ്പെരിയാർ: വാളാർടി എസ്റ്റേറ്റിന്റെ ലയത്തിന് സമീപം വളർന്നു നിന്ന കഞ്ചാവ് ചെടി പോലീസ് സംഘം പിഴുതെടുത്തു. പ്രദേശത്ത് വ്യത്യസ്തമായ ഒരു ചെടി നിൽക്കുന്നത് ശ്രദ്ധയിൽപ്പെട്ട മുൻ പഞ്ചായത്ത് മെമ്പർ കെ. മാരിയപ്പൻ, അതിന്റെ ചിത്രം ഗൂഗിളിൽ പരിശോധിച്ചപ്പോഴാണ് കഞ്ചാവ് ചെടിയാണെന്ന് തിരിച്ചറിഞ്ഞത്. തുടർന്ന് അദ്ദേഹം ഉടൻ തന്നെ വണ്ടിപ്പെരിയാർ സർക്കിൾ ഇൻസ്പെക്ടർ ഉൾപ്പെടെയുള്ള പോലീസ് ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയായിരുന്നു.വിവരമറിഞ്ഞ്സബ് ഇൻസ്പെക്ടർ ശ്രീലാലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. ഏകദേശം 70 സെന്റീമീറ്റർ ഉയരമുള്ള കഞ്ചാവ് ചെടിയാണ് ഇവിടെ വളർന്നു നിന്നിരുന്നത്. പോലീസ് ഇത് വേരോടെ പിഴുതെടുത്തു. പ്രദേശത്ത് ഇനിയും ഇത്തരം കഞ്ചാവ് ചെടികൾ വളരുന്നുണ്ടോ എന്ന് കണ്ടെത്താൻ പോലീസ് സംഘം ലയത്തിന് സമീപമുള്ള മറ്റ് സ്ഥലങ്ങളിലും വിശദമായ പരിശോധന നടത്തി. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്