Header Banner
കൈയ്യേററഭൂമിയിലേക്ക് ബഹുജന മാർച്ച് നടത്തി സി പി ഐ എം

കൈയ്യേററഭൂമിയിലേക്ക് ബഹുജന മാർച്ച് നടത്തി സി പി ഐ എം

വാഗമൺ, ഏലപ്പാറ വില്ലേജിലെ സർക്കാർ ഭൂമി കയ്യേറി നിർമ്മാണ പ്രവർത്തികൾ നടത്തുന്നതിനെതിരെ സിപിഐഎം ആഭിമുഖ്യത്തിൽ കയ്യേറ്റ ഭൂമിയിലേക്ക് ബഹുജന മാർച്ച് നടത്തി. സിപിഐഎം ജില്ലാ സെക്രട്ടറി സി വി വർഗീസ് പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്തു. ഭൂമാഫിയ കയ്യേറിയ സ്ഥലത്ത് പാർട്ടി പ്രവർത്തകർ കൊടിനാട്ടി പ്രതിഷേധിച്ചു. വാഗമൺ വില്ലേജിൽ 610 ഏക്കർ ഭൂമിയാണ് ഭൂമാഫിയ കയ്യേറി കൈവശപ്പെടുത്തി വച്ചിരിക്കുന്നത്. വരാട്ടുമേട് ഉൾപ്പെടെ ഭൂമി കയ്യേറി നടത്തിയിട്ടുള്ള നിർമ്മാണ പ്രവർത്തികൾ റവന്യൂ അധികാരികൾ പൊളിച്ചു നീക്കി ഭൂമി ഏറ്റെടുത്തില്ലെങ്കിൽ അടുത്ത ദിവസം തന്നെ സിപിഐ(എം) വാളണ്ടിയർമാരെ പങ്കെടുപ്പിച്ചുകൊണ്ട് നിർമ്മിതികളെല്ലാം പൊളിച്ചു നീക്കുമെന്ന് സമരം ഉദ്ഘാടനം ചെയ്ത സിവി വർഗീസ് പറഞ്ഞു.
വിനോദസഞ്ചാര വികസനത്തിന് ഏറെ പ്രാധാന്യമുള്ള ഭൂമിയിൽ കയ്യേറ്റം നടത്തിയിട്ടുള്ളവർ ഇടുക്കി ജില്ലയ്ക്ക് പുറത്തുള്ളവരാണ്. കയ്യേറ്റക്കാരെ സഹായിക്കുന്ന ഒരു വിഭാഗം റവന്യൂ ഉദ്യോഗസ്ഥന്മാർ പീരുമേട് താലൂക്കിൽ പ്രവർത്തിക്കുന്നതായി ആരോപണമുണ്ട്. പട്ടയും ഉള്ള ഒന്നോ രണ്ടോ ഏക്കർ ഭൂമി വാങ്ങി ഇത്തരം ഭൂമിക്ക് സമീപമുള്ള സർക്കാർ ഭൂമി കയ്യേറി ചില ഉദ്യോഗസ്ഥന്മാരെ സ്വാധീനിച്ച് വ്യാജ രേഖകൾ സമ്പാദിച്ച് ഭൂമി കൈവശപ്പെടുത്തുന്ന രീതിയാണ് ഇവിടെ നടന്നിട്ടുള്ള അനധികൃത കയ്യേറ്റത്തിലും കാണാൻ കഴിയുന്നത്. ബഹുജന മാർച്ചിൽ സിപിഐ (എം ) ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ ടി ബിനു . എം ജെ വാവച്ചൻ , ഏരിയ സെക്രട്ടറി എം ടി സജി , ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ ബി അനൂപ്, പി കെ എസ് ജില്ലാ പ്രസിഡന്റ് വി പി സുരേഷ് , ഏലപ്പാറ ലോക്കൽ സെക്രട്ടറി സി സിൽവസ്റ്റർ എന്നിവർ സംസാരിച്ചു.