Header Banner
കഞ്ഞിക്കുഴിയിൽ വീണ്ടും കാട്ടാന അക്രമണം

കഞ്ഞിക്കുഴിയിൽ വീണ്ടും കാട്ടാന അക്രമണം

കഞ്ഞിക്കുഴിയിൽ വീണ്ടും കാട്ടാന ആക്രമണം, പുലർച്ചെ മൂന്നുമണിയോടെ ഉണ്ടായ ആക്രമണത്തിൽ പ്രദേശവാസിയുടെ വീട് ഭാഗികമായി തകർന്നു. തുടർച്ചയായി ഉള്ള കാട്ടാനശല്യം പ്രദേശത്ത് ഭീതി വർദ്ധിപ്പിച്ചിരിക്കുകയാണ് കഞ്ഞിക്കുഴി പഞ്ചായത്തിൽ വീണ്ടും കാട്ടാന ആക്രമണം. കഴിഞ്ഞ രാത്രിയിൽ കൃഷിയിടങ്ങളിലേക്ക് ഇറങ്ങിയ കാട്ടാന നിരവധി കർഷകരുടെ കൃഷി നശിപ്പിക്കുകയും ഒരു വീട് ഭാഗികമായി തകർക്കുകയും ചെയ്തു.
പന്നാരംകുന്നേൽ എൽസമ്മ, പുത്തൻപുരക്കൽ ടിജോ പി. ജോയി എന്നിവരുടെ കൃഷിയിടങ്ങളിലാണ് വ്യാപക നാശനഷ്ടമുണ്ടായത്. ടിജോ പി. ജോയിയുടെ വീടും കാട്ടാന ആക്രമണത്തിൽ ഭാഗികമായി തകർന്നു. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. കഞ്ഞിക്കുഴി പഞ്ചായത്തിലെ മലയണ്ണാമല – മാമച്ചൻകുന്ന് മേഖലയിലാണ് കാട്ടാന ഇറങ്ങിയത്. സംഭവത്തിന് പിന്നാലെ കേരള കർഷകസംഘവും സാഫ് ഉൾപ്പെടെയുള്ള സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധം ശക്തമായി. മണിക്കൂറുകൾ കഴിഞ്ഞിട്ടും വനപാലകരോ വനംവകുപ്പ് ഉദ്യോഗസ്ഥരോ സ്ഥലത്തെത്തിയില്ലെന്നാരോപിച്ചാണ് പ്രതിഷേധം. കഴിഞ്ഞ ദിവസങ്ങളിലും സമീപ പ്രദേശമായ ഇടത്തട്ട് മേഖലയിൽ കാട്ടാനകൾ ഇറങ്ങി വീടുകൾ തകർക്കുകയും കൃഷി നശിപ്പിക്കുകയും ചെയ്തിരുന്നു. തുടർച്ചയായ ആക്രമണങ്ങൾ ജനങ്ങളിൽ കടുത്ത ആശങ്കയും ഭീതിയും സൃഷ്ടിച്ചിരിക്കുകയാണ്. സംഭവസ്ഥലം സന്ദർശിച്ച കഞ്ഞിക്കുഴി പഞ്ചായത്ത് പ്രസിഡന്റ് കോമളം മോഹൻദാസ്, കാട്ടാന ശല്യത്തിന് ശാശ്വത പരിഹാരം കാണുന്നതിനും ആവശ്യമായ പ്രതിരോധ സംവിധാനങ്ങൾ അടിയന്തരമായി ഒരുക്കുന്നതിനുമായി ജില്ലാ കളക്ടർക്ക് നിവേദനം നൽകിയതായി അറിയിച്ചു.