Header Banner
പീരുമേട്ടിൽ കാട്ടാനശല്യം

പീരുമേട്ടിൽ കാട്ടാനശല്യം

പ്ലാക്കാത്തടത്ത് ജനവാസമേഖലയിൽ കാട്ടാനയിറങ്ങി; വീടിനും കൃഷിക്കും വ്യാപക നാശം

പീരുമേട്: പീരുമേട് മേഖലയിൽ കാട്ടാനശല്യം വീണ്ടും രൂക്ഷമാകുന്നു. പീരുമേട് പ്ലാക്കാത്തടം സ്വദേശി പുത്തൻപുരയ്ക്കൽ ബിജുവിന്റെ വീടാണ് കാട്ടാന തകർത്തത്. ആക്രമണത്തിൽ വീടിന് കാര്യമായ നാശനഷ്ടങ്ങൾ സംഭവിക്കുകയും, കൃഷികൾ വ്യാപകമായി നശിപ്പിക്കപ്പെടുകയും ചെയ്തിട്ടുണ്ട്.പെട്ടെന്നുണ്ടായ കാട്ടാനയുടെ ആക്രമണത്തിൽ നിന്ന് ബിജുവും കുടുംബവും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. കഴിഞ്ഞ കുറച്ചുകാലമായി പ്രദേശത്ത് കാട്ടാനകളുടെ സാന്നിധ്യം ജനങ്ങളിൽ ഭീതി പരത്തുന്നുണ്ടായിരുന്നു. ഇതിനുപിന്നാലെയാണ് ആന ജനവാസ മേഖലയിലിറങ്ങി വീടും കൃഷിയിടവും തകർക്കുന്ന സ്ഥിതിയിലേക്ക് കാര്യങ്ങളെത്തിയത്.
പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ സംഭവസ്ഥലം സന്ദർശിച്ചു. വനംവകുപ്പിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചയാണ് കാട്ടാനകൾ ജനവാസമേഖലയിൽ ഇറങ്ങാൻ കാരണമാകുന്നതെന്ന് ഭരണസമിതി ആരോപിച്ചു.ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ വനംവകുപ്പ് അടിയന്തരമായി ഇടപെടണമെന്ന് പീരുമേട് പഞ്ചായത്ത് പ്രസിഡന്റ് ശാന്തി രമേശ്, വൈസ് പ്രസിഡന്റ് മനോജ് രാജൻ എന്നിവർ ആവശ്യപ്പെട്ടു. പഞ്ചായത്ത് മെമ്പർമാരായ അനീഷ്, ശേഖർ തുടങ്ങിയവരും ഇവർക്കൊപ്പമുണ്ടായിരുന്നു. പ്രദേശത്ത് വനംവകുപ്പ് നിരീക്ഷണം ശക്തമാക്കിയില്ലെങ്കിൽ ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകാനാണ് നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും തീരുമാനം.