അടിമാലി ലക്ഷംവീടന് സമീപം വീടും സ്ഥലവും നഷ്ടപ്പെട്ട 17 കുടുംബങ്ങൾ നടത്തിവന്നിരുന്ന സമരം അടിമാലി ഗ്രാമപഞ്ചായത്ത് ഓഫീസിനു മുന്നിലേക്ക് മാറ്റി. മണ്ണിടിച്ചിൽ സാധ്യതയുള്ളതിനാൽ കലക്ടറുടെ പ്രത്യേക നിർദ്ദേശത്തെ തുടർന്നാണ് സമരം ദുരന്തമുഖത്ത് നിന്നും മാറ്റിയത്. തങ്ങൾ ആവശ്യപ്പെട്ട ആനുകൂല്യങ്ങൾ കിട്ടാതെ സമരത്തിൽ നിന്നും പിന്മാറില്ലെന്നും സമരം പഞ്ചായത്ത് ഓഫീസിന് മുന്നിൽ തുടരുമെന്നും സമര അനുകൂലികൾ അറിയിച്ചു.

അടിമാലി ലക്ഷംവീട്ടിന് സമീപം മണ്ണിടിഞ്ഞ് വീണ സ്ഥലത്ത് ദുരന്തബാധിതർ ആരംഭിച്ച സമരം 10 ദിവസം പിന്നിട്ടു. ഇന്നലെ മുതൽ പ്രദേശത്ത് കനത്ത മഴ പെയ്യുകയും ചെറിയതോതിൽ മണ്ണിടിച്ചിൽ ഉണ്ടാവുകയും ചെയ്തിരുന്നു. തുടർന്ന് ജില്ലാ ഭരണകൂടം സമരാനുകൂല്യങ്ങളെ ഇവിടെ നിന്നും മാറ്റുവാൻ നിർദ്ദേശിച്ചു. കലക്ടറുടെ നിർദ്ദേശപ്രകാരം പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി സമരക്കാരെ കാണുകയും സർക്കാർ ഉത്തരവ് അറിയിക്കുകയും ചെയ്തു.
ഉത്തരവിന്റെ അടിസ്ഥാനത്തിൽ ദുരന്തമുഖത്ത് നിന്നും സമരം മാറ്റുകയും പകരം അടിമാലി ഗ്രാമപഞ്ചായത്തിന് ഓഫീസിനു മുന്നിൽ സമരം തുടരുമെന്നും കുടുംബങ്ങൾ അറിയിച്ചു.
നിലവിൽ ദുരന്തം സംഭവിച്ച സ്ഥലം വാസിയോഗ്യമല്ലെന്ന് ടെക്നിക്കൽ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ബാധിക്കപ്പെട്ട എല്ലാവർക്കും വീടും സ്ഥലവും അനുവദിക്കുന്നതിലേക്കായി ജില്ലാ ഭരണകൂടം സർക്കാരിലേക്ക് ശുപാർശ സമർപ്പിച്ചിട്ടുണ്ട്. വീട് പൂർണമായും നഷ്ടപ്പെട്ട 9 പേർക്ക് ഉടൻതന്നെ പ്രഖ്യാപിച്ചിട്ടുള്ള സഹായം നൽകുകയും മറ്റു കുടുംബങ്ങൾക്ക് വീടും സ്ഥലവും നൽകുന്നതിനുള്ള നടപടികളുമായി മുന്നോട്ടു പോകുമെന്ന് ദേവികുളം സബ് കളക്ടർ അറിയിച്ചിരുന്നു.