Header Banner
കുടിവെളളപൈപ്പ് മുറിച്ചു

കുടിവെളളപൈപ്പ് മുറിച്ചു

ഇടുക്കി മഞ്ഞപ്പാറയിൽ കുടിവെള്ള പൈപ്പ് മുറിച്ച് ഏലം കൃഷിയിടത്തിലേക്ക് വൻതോതിൽ വെള്ളം ചോർത്തുന്നതായി പരാതി. വാട്ടർ അതോറിറ്റിയുടെ പൈപ്പിൽ നിന്ന് മണ്ണിനടിയിലൂടെ രഹസ്യമായി കണക്ഷനെടുത്തായിരുന്നു തട്ടിപ്പ്. ഒരാഴ്ചയായി കുടിവെള്ളം മുടങ്ങിയതോടെ നാട്ടുകാർ നടത്തിയ പരിശോധനയിലാണ് ഈ വൻ ജലചൂഷണം കണ്ടെത്തിയത്. വി/ഓ തടിയമ്പാട് മഞ്ഞപ്പാറ കേശമുനിയിൽ എട്ട് വീട്ടുകാർക്കുള്ള ശുദ്ധജലമാണ് ഇത്തരത്തിൽ മോഷ്ടിക്കപ്പെട്ടത്. മാർ എഫ്രേം മൈനർ സെമിനാരിയുടെ സ്ഥലം പാട്ടത്തിനെടുത്ത് ഏലം കൃഷി ചെയ്യുന്നവരാണ് ഈ ചൂഷണത്തിന് പിന്നിൽ. കൃഷിയിടത്തിലെ 50,000 ലീറ്ററോളം വെള്ളം ശേഖരിക്കാവുന്ന കൂറ്റൻ സംഭരണികളിലേക്കാണ് വെള്ളം ചോർത്തിയത്. ശുദ്ധജല വിതരണത്തിനായി നേരത്തെ ഉപയോഗിച്ചിരുന്ന പഴയ പിവിസി പൈപ്പ് മുറിച്ച്, മണ്ണിനടിയിലൂടെ രഹസ്യമായി മറ്റൊരു കണക്ഷനെടുത്തായിരുന്നു തട്ടിപ്പ്. ദിവസം രണ്ട് മണിക്കൂർ മാത്രം ലഭിച്ചിരുന്ന കുടിവെള്ളം ഒരാഴ്ചയായി പൂർണ്ണമായും മുടങ്ങിയതോടെയാണ് നാട്ടുകാർ അന്വേഷിച്ചിറങ്ങിയതും തട്ടിപ്പ് കയ്യോടെ പിടികൂടിയതും. ഇതിനുപുറമെ, പ്രദേശത്ത് മറ്റൊരു വലിയ ആശങ്ക കൂടി നിലനിൽക്കുന്നുണ്ട്. പത്ത് ലക്ഷത്തിലധികം ലിറ്റർ വെള്ളം ഉൾക്കൊള്ളാൻ ശേഷിയുള്ള മറ്റൊരു വൻ പടുതാക്കുളവും ഇവിടെ നിർമ്മിച്ചിട്ടുണ്ട്. കൂറ്റൻ പാറയുടെ മേൽമണ്ണിൽ നിർമ്മിച്ച ഈ കുളത്തിൽ ഇതുവരെ പടുത ഇട്ടിട്ടില്ല. നിലവിൽ പെയ്യുന്ന കനത്ത മഴയിൽ ഇവിടെ വെള്ളം കെട്ടിനിന്ന് ഭൂമിയിലേക്ക് താഴുന്നത് വലിയ അപകട ഭീഷണിയാണ് ഉയർത്തുന്നത്. ബൈറ്റ്: നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് പൈനാവ് വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് പരിശോധന നടത്തി. അനധികൃതമായി വെള്ളം ചോർത്തിയ കുറ്റക്കാർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്ന് അധികൃതർ പ്രദേശവാസികളോട് വ്യക്തമാക്കിയെങ്കിലും ഇപ്പോഴും അനധികൃതമായി എടുത്ത പൈപ്പ് വിച്ഛേദിച്ചിട്ടില്ല. സിറ്റിവിഷൻ / ഇടുക്കി