Header Banner
കുമളിയിൽ സ്കൂൾ സമയത്ത് ടിപ്പറുകളുടെ മരണപ്പാച്ചിൽ.

കുമളിയിൽ സ്കൂൾ സമയത്ത് ടിപ്പറുകളുടെ മരണപ്പാച്ചിൽ.

 


കുമളി:  കുമളിയിലും പരിസര പ്രദേശങ്ങളിലും ടിപ്പറുകളുടെ അമിതവേഗതക്കെതിരെ ജനരോഷം ശക്തമാകുന്നു. കൊട്ടാരക്കരയിൽ ബസ് കാത്തുനിന്ന വിദ്യാർത്ഥികളുടെ മേലേക്ക് ടിപ്പർ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ വാർത്ത അറിഞ്ഞ ഞെട്ടലിലാണ് തമിഴ്‌നാട് അതിർത്തിയോട് ചേർന്നുള്ള കുമളിയിലെ മലയോര മേഖലയിലെ രക്ഷിതാക്കളും വിദ്യാർത്ഥികളും.ഇവിടെയും മോട്ടോർ വാഹന വകുപ്പും പൊലീസും ഏർപ്പെടുത്തിയിട്ടുള്ള കർശന സമയ നിയന്ത്രണങ്ങൾ കാറ്റിൽപ്പറത്തിയാണ് ഗ്രാമീണ റോഡുകളിൽ ടിപ്പറുകൾ അമിതവേഗതയിൽ പായുന്നത്. 

രാവിലെ 8:30 മുതൽ 10:00 വരെയും വൈകുന്നേരം 3:30 മുതൽ 5:00 വരെയുമാണ് വിദ്യാർത്ഥികളുടെ സുരക്ഷ മുൻനിർത്തി ടിപ്പർ ലോറികൾക്ക് റോഡിൽ വിലക്കേർപ്പെടുത്തിയിട്ടുള്ളത്. എന്നാൽ ഈ സമയങ്ങളിൽ പോലും പ്രധാന റോഡുകളിലും വിദ്യാലയങ്ങൾ സ്ഥിതി ചെയ്യുന്ന ഉൾപ്രദേശങ്ങളിലെ ഇടുങ്ങിയ പോക്കറ്റ് റോഡുകളിലും കല്ലും മണ്ണും നിർമ്മാണ സാമഗ്രികളും നിറച്ച ടിപ്പറുകൾ നിയമം ലംഘിച്ച് സർവീസ് നടത്തുകയാണ്. തമിഴ്‌നാട്ടിൽ നിന്നും അതിർത്തി കടന്നെത്തുന്ന വൻകിട ലോറികളും ഇക്കൂട്ടത്തിലുണ്ട്.നിശ്ചിത സമയത്തിനുള്ളിൽ കൂടുതൽ ട്രിപ്പുകൾ ഓടിത്തീർക്കാനുള്ള ഡ്രൈവർമാരുടെ മത്സരപ്പാച്ചിലാണ് പലപ്പോഴും വലിയ അപകടങ്ങൾക്ക് കാരണമാകുന്നത്. കൊട്ടാരക്കരയിൽ ഹെവി ലൈസൻസ് പോലും ഇല്ലാത്ത ഡ്രൈവർ നിയമം ലംഘിച്ച് വണ്ടിയോടിച്ചതാണ് വൻ ദുരന്തത്തിന് വഴിവെച്ചത്. സമാനമായ രീതിയിൽ കുമളിയിലെ ഇടുങ്ങിയ റോഡുകളിലൂടെയുള്ള ഈ മരണപ്പാച്ചിൽ തടയാൻ അധികൃതരുടെ ഭാഗത്തുനിന്ന് ശക്തമായ പരിശോധനകളും ഫിറ്റ്‌നസ്-ലൈസൻസ് പരിശോധനകളും ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ അടിയന്തര ആവശ്യം. ഇനിയൊരു ദുരന്തത്തിന് കൂടി കാത്തുനിൽക്കാതെ പോലീസ്-എംവിഡി ഉദ്യോഗസ്ഥർ കർശന നടപടി സ്വീകരിക്കണമെന്ന് രക്ഷിതാക്കൾ ആവശ്യപ്പെടുന്നു.