Header Banner
മലയോര മേഖലയിൽ ബീഫ് കൊള്ളയ്‌ക്കെതിരെ പ്രതിഷേധം വ്യാപകം

മലയോര മേഖലയിൽ ബീഫ് കൊള്ളയ്‌ക്കെതിരെ പ്രതിഷേധം വ്യാപകം

 


കുമളി :
ജില്ലയിലെ മലയോര മേഖലകളിൽ പോത്തിറച്ചി എന്ന പേരിൽ ഗുണനിലവാരം കുറഞ്ഞ 

കാള ഇറച്ചി വിൽപന നടത്തി ഉപഭോക്താക്കളെ വ്യാപകമായി പറ്റിക്കുന്നതായി പരാതി. തമിഴ്‌നാട് അതിർത്തികളിൽ നിന്നുള്ള കന്നുകാലി വരവ് കുറഞ്ഞതോടെ ബീഫ് വില കിലോയ്ക്ക് 450 മുതൽ 500 രൂപ വരെയായി ഉയർന്നിരുന്നു. ഈ വിലക്കയറ്റത്തിന്റെ മറവിലാണ് പോത്തിറച്ചിയേക്കാൾ വിപണിയിൽ വില കുറഞ്ഞ കാള, പശു ഇറച്ചികൾ തുല്യ വിലയ്ക്ക് ഈടാക്കി വ്യാപാരികൾ വൻ ലാഭം കൊയ്യുന്നത്. മാംസം മുറിച്ചുവെക്കുമ്പോൾ ഉപഭോക്താക്കൾക്ക് ഇത് പെട്ടെന്ന് തിരിച്ചറിയാൻ കഴിയില്ല. ഭൂരിഭാഗം സ്റ്റാളുകളിലും ഏതിനം മാംസമാണെന്ന് വ്യക്തമാക്കുന്ന ബോർഡുകളും സ്ഥാപിക്കാറില്ല.വിപണിയിൽ വ്യാപാരികൾ കൃത്രിമ ക്ഷാമം സൃഷ്ടിച്ച് അമിതവില ഈടാക്കുന്നതിനെതിരെ കുമളി, അണക്കര, വണ്ടിപ്പെരിയാർ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തിറങ്ങിയിട്ടുണ്ട്. സാധാരണക്കാരുടെ കുടുംബ ബജറ്റ് താളം തെറ്റിക്കുന്ന ഈ കൊള്ളയ്‌ക്കെതിരെ തദ്ദേശ സ്ഥാപനങ്ങളും സിവിൽ സപ്ലൈസ് - ഭക്ഷ്യസുരക്ഷാ വകുപ്പുകളും അടിയന്തരമായി ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം. വിപണിയിൽ കർശന പരിശോധന നടത്തി പോത്തിറച്ചിക്കും കാള ഇറച്ചിക്കും വെവ്വേറെ വിലവിവരപ്പട്ടികയും ബോർഡുകളും നിർബന്ധമാക്കണമെന്നും വർദ്ധിപ്പിച്ച വില പിൻവലിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.