കുമളി: കുമളിയിലെ ടൂറിസം വ്യാപാര സ്ഥാപനങ്ങളുടെ കണക്കെടുക്കാനുള്ള വനം വകുപ്പിന്റെ പുതിയ നീക്കത്തിൽ കുമളിയിലെ വ്യാപാരികൾക്കും ജനങ്ങൾക്കും ഇടയിൽ ആശങ്ക ശക്തമാകുന്നു. രണ്ടു മാസം മുൻപ് പെരിയാർ ടൈഗർ റിസർവ് അധികൃതർ കുമളി പഞ്ചായത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ള വ്യാപാര സ്ഥാപനങ്ങളുടെയും ടൂറിസം സ്ഥാപനങ്ങളുടെയും കണക്കുകൾ ആവശ്യപ്പെട്ട് പഞ്ചായത്ത് സെക്രട്ടറിക്ക് കത്ത് നൽകിയിരുന്നു.
എന്നാൽ, കത്തിൽ വ്യക്തമായ കാരണം ബോധിപ്പിക്കാത്തതിനാൽ പഞ്ചായത്ത് അധികൃതർ ഇതിന് മറുപടി നൽകിയിരുന്നില്ല. ഇതിനു പിന്നാലെയാണ് വനം വകുപ്പ് വീണ്ടും നേരിട്ട് വിവരശേഖരണവുമായി രംഗത്തെത്തിയിരിക്കുന്നത്. ഇതാണ് പ്രദേശവാസികളിൽ വലിയ സംശയങ്ങൾക്ക് ഇടയാക്കിയിരിക്കുന്നത്.2013-ൽ നാഷണൽ ടൈഗർ കൺസർവേഷൻ അതോറിറ്റി (എൻ.ടി.സി.എ) തയ്യാറാക്കിയ റിപ്പോർട്ടിൽ കുമളിയിലെ ഹോട്ടലുകൾ, വ്യാപാര സ്ഥാപനങ്ങൾ, റിസോർട്ടുകൾ, ഹോംസ്റ്റേകൾ എന്നിവയിൽ നിന്നും പ്രത്യേക സെസ്സ് ഈടാക്കണമെന്ന് നിർദ്ദേശം മുന്നോട്ടുവെച്ചിരുന്നു.
തേക്കടിയിൽ വനം വകുപ്പിൽ നിന്ന് തയ്യാറാക്കി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഡൽഹിയിൽ നിന്ന് ഇത്തരമൊരു നിർദ്ദേശം പുറത്തുവന്നത്. അന്ന് ഈ നീക്കത്തിനെതിരെ കുമളിയിലെ ജനങ്ങളും വ്യാപാരികളും വ്യാപകമായ പ്രതിഷേധം ഉയർത്തിയിരുന്നു. കുമളിയിലെ ജനങ്ങൾ ഒന്നടങ്കം ദ്രോഹിച്ച ചരിത്രമാണ് പെരിയാർ ടൈഗർ റിസർവ് അധികൃതർക്കുള്ളതെന്നാണ് നാട്ടുകാരുടെ ആക്ഷേപം.കുമളി പഞ്ചായത്തിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന വ്യാപാര സ്ഥാപനങ്ങൾ, റെസ്റ്റോറന്റുകൾ, ഹോട്ടലുകൾ, റിസോർട്ടുകൾ, ഹോംസ്റ്റേകൾ എന്നിവയുടെ എണ്ണവും തിരിച്ചുളള കണക്കും അടിയന്തരമായി സമർപ്പിക്കണമെന്നാണ് പെരിയാർ കടുവ സങ്കേതം അസിസ്റ്റന്റ് ഫീൽഡ് ഡയറക്ടർ വീണ്ടും ആവശ്യപ്പെട്ടിരിക്കുന്നത്. ഉന്നത വനം വകുപ്പ് അധികാരികൾക്ക് നൽകാനാണ് ഈ റിപ്പോർട്ട് എന്നാണ് വനം വകുപ്പ് വ്യക്തമാക്കുന്നതെങ്കിലും ഇതിന് പിന്നിൽ മറ്റ് ലക്ഷ്യങ്ങളുണ്ടോ എന്ന് വ്യാപാരികൾ സംശയിക്കുന്നു.2013-ലെ റിപ്പോർട്ടിൽ പറയുന്ന പല നിർദ്ദേശങ്ങളും ജനദ്രോഹപരമായിരുന്നു. തേക്കടിയിൽ വിനോദസഞ്ചാരികളെ നിയന്ത്രിക്കുന്നതിനും എണ്ണം കുറയ്ക്കുന്നതിനും പുറമെ, തേക്കടിയിൽ നിന്നുള്ള വാഹന പാർക്കിംഗ് ഉൾപ്പെടെ പൂർണ്ണമായും പുറത്തേക്ക് മാറ്റുന്നതിനുള്ള നിർദ്ദേശങ്ങൾ വരെ ഈ റിപ്പോർട്ടിൽ ഉണ്ടായിരുന്നു. വിനോദസഞ്ചാര മേഖലയെയും പ്രാദേശിക വ്യാപാരികളെയും കടുത്ത പ്രതിസന്ധിയിലാക്കുന്ന വനം വകുപ്പിന്റെ ഇത്തരം ഏകപക്ഷീയമായ നീക്കങ്ങൾക്കെതിരെ ശക്തമായ പ്രതിരോധം തീർക്കാനാണ് വ്യാപാരികളുടെയും ജനപ്രതിനിധികളുടെയും തീരുമാനം.



