വാഗമൺ :വാഗമൺ ഇനി വലിയ ഓഫ് റോഡ് ജീപ്പുകൾക്ക് മാത്രമുള്ളതല്ല, ആർസി കാർ (റേഡിയോ കണ്ട്രോൾഡ് കാർ) ഷോകൾക്കും അനുയോജ്യമായ ഇടമാണെന്ന് തെളിയിച്ചിരിക്കുകയാണ് കോട്ടയം ആസ്ഥാനമായുള്ള 'ക്ലബ്ബ് 05'. എം.എസ്. നാഥനേൽ, എം.ആർ. ഷോബിൻ, പി.ആർ. അഭിജിത്, അജൽ ഫിലിപ്പ്, ജിതിൻ ജോയ് എന്നിവരുൾപ്പെടെയുള്ള ആറുപേർ ചേർന്ന് തുടക്കമിട്ട ഈ കൂട്ടായ്മയിൽ ഇന്ന് കുട്ടികളും മുതിർന്നവരുമ അടക്കം 152-ഓളം അംഗങ്ങളുണ്ട്.
വാഗമണ്ണിലും പുറത്തുമായി ഇതുവരെ ഒൻപതോളം പ്രകടനങ്ങൾ ഇവർ നടത്തിക്കഴിഞ്ഞു.
തവളപ്പാറയുടെ ഏറ്റവും മുകളിൽ ഞായറാഴ്ച രാവിലെ നടന്ന ഇവരുടെ പ്രകടനം കാണാൻ ധാരാളം വിനോദസഞ്ചാരികളും നാട്ടുകാരും തടിച്ചുകൂടി. വെറുമൊരു കളിപ്പാട്ടമല്ല ഈ 'ഹോബി ഗ്രേഡ്' ആർസി കാറുകൾ. ഒറിജിനൽ വണ്ടികളിലുള്ള ഫോർ വീൽ ഡ്രൈവ് ഡിഫറൻഷ്യൽ ലോക്കുകൾ, ക്രൂയിസ് കൺട്രോൾ തുടങ്ങിയ ഫീച്ചറുകളെല്ലാം ഇതിലുമുണ്ട്.
കേടുപാടുകൾ വന്നാൽ പാർട്സ്, ടയർ, ഷോക്ക് എന്നിവ മാറ്റി സർവീസ് ചെയ്യാനും അപ്ഗ്രേഡ് ചെയ്യാനും സാധിക്കും.
കോളേജ് ഓട്ടോഷോകളിലും ക്രൗളിംഗ് ഇവന്റുകളിലും പങ്കെടുക്കുന്ന ഈ ക്ലബ്ബിൽ 10,000 രൂപ മുതൽ 1.5 ലക്ഷം രൂപ വരെ (ഓഫ് റോഡിംഗിന് ഉപയോഗിക്കുന്ന 30,000 മുതൽ 1,40,000 രൂപ വരെയുള്ള) വിലമതിക്കുന്ന കാറുകളുണ്ട്. മനസ്സിലെ സ്ട്രെസ്സ് കുറയ്ക്കാനും വിനോദത്തിനുമുള്ള മികച്ചൊരു ഹോബിയാണ് ഈ ആർസി കാർ ഡ്രൈവിംഗ് എന്ന് സങ്കടകർ പറയുന്നു.



