Header Banner
നവജാത ശിശുവിനെ കൊന്ന കേസിൽ അമ്മയ്ക്ക് നാളെ ശിക്ഷ വിധിക്കും.

നവജാത ശിശുവിനെ കൊന്ന കേസിൽ അമ്മയ്ക്ക് നാളെ ശിക്ഷ വിധിക്കും.

 


മറയൂർ: നവജാത ശിശുവിനെ കൊന്ന കേസിൽ അമ്മ 302 വകുപ്പ് പ്രകാരം കുറ്റവാളിയാണെന്ന് കോടതി കണ്ടെത്തി. ചൊവ്വാഴ്ച ഫസ്റ്റ് അഡിഷണൽ സെഷൻസ് ജഡ്ജ് ആശ്.കെ. ബാൽ വിധി പ്രഖ്യാപിക്കും. മറയൂർ നാച്ചിവയൽ പുളിക്കര വയൽ സ്വദേശി കുട്ടിയമ്മ എന്നു വിളിക്കുന്ന റോസ് മേരി (47) യെയാണ് കുറ്റകൃത്യം ചെയ്തതായി കോടതി കണ്ടെത്തിയത്.




2014 മെയ് 13 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പുളിക്കര വയലിലെ റോസ് മേരിയുടെ വീട്ടിലെ കന്നുകാലി തൊഴുത്തിന്റെ മേൽക്കൂരയിൽ കമ്പിളി പുതപ്പിൽ പൊതിഞ്ഞ നിലയിൽ സമീപവാസിയായ 14 കാരൻ സൂര്യ കണ്ടെത്തിയതാണ് സംഭവം പുറത്തറിയുന്നതിന് കാരണമായത്. വീട്ടിനുള്ളിലുണ്ടായിരുന്ന പുഷ്പ വീട്ടിലെത്തിയ സൂര്യയോട് തൊഴുത്തിലെ ആടിനെ മാറ്റി കെട്ടുവാൻ നിർദ്ദേശിച്ചു. തൊഴുത്തിനടുത്ത് എത്തിയ സൂര്യ മേൽക്കൂരയിൽ നിന്നും കുഞ്ഞിന്റെ ശബ്ദം കേട്ട് പരിശോധിച്ചപ്പോഴാണ് കുഞ്ഞിനെ കണ്ടത്. ഉടനടി സമീപവാസിയായ  പഞ്ചായത്തംഗം എൻ. രവിചന്ദ്രനെ വിവരമറിയിക്കുകയും രവി ചന്ദ്രൻ സമീപവാസികളുമായി സ്ഥലത്തെത്തി.



പരിശോധനയിൽ പൊക്കിൾകൊടി മുറിക്കാത്ത നിലയിൽ കുഞ്ഞിനെ കണ്ടെത്തുകയും മറയൂർ ഗവ.ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നല്കി അടിമാലിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും വൈകിട്ട് 3.45ന് മരിച്ചു. സംഭവമറിഞ്ഞിട്ടും വീടിന് പുറത്തിറങ്ങുവാൻ റോസ് മേരി തയ്യാറായില്ല. സ്ഥലത്തെത്തിയ രവിചന്ദ്രനടക്കമുള്ള സമീപ വാസികൾ റോസ് മേരിയുടെ മുഖത്തുംകമ്പിളി പുതപ്പിലും രക്തം കണ്ടതായും സംശയമുള്ളതായും പോലീസിന് മൊഴി നല്കി.



റോസ് മേരിയെ കസ്റ്റഡിയിലെടുത്ത്; തുടർന്ന് ചോദ്യം ചെയ്ത  മറയൂർ പോലീസ് സംഘം 2014 മെയ് 13 ന് രാവിലെ 9.30ന് കുഞ്ഞിനെ രഹസ്യമായി പ്രസവിച്ച് കുഞ്ഞിന്റെ കഴുത്ത് ഞെരിച്ച് കൊന്ന ശേഷം ; കമ്പിളിപുതപ്പിൽ പൊതിഞ്ഞ് കന്നുകാലി തൊഴുത്തിന്റെ മേൽക്കൂരയിൽ വച്ചതാണെന്ന് കുറ്റപത്രത്തിൽ പറയുന്നു. പബ്ളിക്ക് പ്രോസിക്യൂട്ടർ അഡ്വ.പി.എസ്.രാജേഷ് പ്രോസിക്യൂഷന് വേണ്ടി ഹാജരായി.