Header Banner
പരുന്തുംപാറയിൽ ആത്മഹത്യാ ഭീഷണി മുഴക്കിയ പെൺകുട്ടിയെ പൊലീസ്–ഫയർഫോഴ്സ് ഇടപെട്ട് രക്ഷപ്പെടുത്തി.

പരുന്തുംപാറയിൽ ആത്മഹത്യാ ഭീഷണി മുഴക്കിയ പെൺകുട്ടിയെ പൊലീസ്–ഫയർഫോഴ്സ് ഇടപെട്ട് രക്ഷപ്പെടുത്തി.


 പരുന്തുംപാറയിലെ ഏറ്റവും ഉയരം കൂടിയ പ്രദേശമായ ടാഗോർ ഹെഡിന് മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ വണ്ടിപ്പെരിയാർ സ്വദേശിനിയായ പെൺകുട്ടിയെ പീരുമേട് പൊലീസിന്റെയും ഫയർഫോഴ്സിന്റെയും സമയോചിതമായ ഇടപെടലിലൂടെ സുരക്ഷിതമായി താഴെയിറക്കി.

ഇന്നലെ രാവിലെ പതിനൊന്നോടെയാണ് പെൺകുട്ടി പരുന്തുംപാറയിലെത്തിയത്. തുടർന്ന് ടാഗോർ ഹെഡ് ഭാഗത്ത് കയറി ആത്മഹത്യാ ഭീഷണി മുഴക്കുകയായിരുന്നു. ഈ സമയം സ്ഥലത്ത് ഫോട്ടോ എടുത്തുകൊണ്ടിരുന്ന ഫോട്ടോഗ്രാഫറാണ് പെൺകുട്ടിയുടെ നീക്കങ്ങൾ ശ്രദ്ധിച്ചത്. തുടർന്ന് നാട്ടുകാർ പീരുമേട് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.



വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് സംഘവും ഫയർഫോഴ്സ് യൂണിറ്റും അതിവേഗം സ്ഥലത്തെത്തി. പെൺകുട്ടിയുടെ സമീപത്തേക്ക് നേരിട്ട് പോകാതെ, ഫോട്ടോഗ്രാഫറുമായി സംസാരിച്ച് സ്ഥിതിഗതികൾ മനസ്സിലാക്കിയ പൊലീസ് പിന്നീട് ഫോണിലൂടെ പെൺകുട്ടിയുമായി ആശയവിനിമയം നടത്തി. ഏറെ നേരത്തെ അനുനയിപ്പിക്കലിനൊടുവിൽ പൊലീസ്–ഫയർഫോഴ്സ് സംഘം ചേർന്ന് പെൺകുട്ടിയെ സുരക്ഷിതമായി താഴെയിറക്കി.



പ്ലസ് ടു കൊമേഴ്സ് പഠിച്ച പെൺകുട്ടിക്ക് നീറ്റ് പരീക്ഷ എഴുതാൻ കഴിഞ്ഞിരുന്നില്ല. എംബിബിഎസിന് പഠിക്കണമെന്ന ആഗ്രഹം സഫലമാകാത്തതിലുള്ള മാനസിക വിഷമമാണ് ആത്മഹത്യാ ശ്രമത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് വ്യക്തമാക്കിയത്. തുടർന്ന് പെൺകുട്ടിക്ക് കൗൺസിലിങ് നൽകുകയും ആവശ്യമായ പിന്തുണ ഉറപ്പാക്കുകയും ചെയ്തു.



പീരുമേട് പൊലീസ് സബ് ഇൻസ്പെക്ടർ അമൽ വർഗീസ്, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ നസീമ, സീനിയർ സിവിൽ പൊലീസ് ഓഫീസർ ജോഷി സി.ടി., സിവിൽ പൊലീസ് ഓഫീസർമാരായ ശ്രീനാഥ് എം.എസ്., പ്രമോദ് എന്നിവരുടെ സമയോചിത ഇടപെടലാണ് പെൺകുട്ടിയുടെ ജീവൻ രക്ഷിക്കുന്നതിൽ നിർണായകമായത്.



പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ ജീവിതം അവസാനിപ്പിക്കുകയല്ല, കൂടുതൽ ശക്തമായി ജീവിതത്തിലേക്ക് തിരിച്ചുവരികയാണ് വേണ്ടത്. ആത്മഹത്യ ഒന്നിനും പരിഹാരമല്ല.

ആത്മഹത്യാ പ്രവണത അനുഭവപ്പെടുന്നവർ ദിശ ഹെൽപ് ലൈൻ 1056 അല്ലെങ്കിൽ ടെലി-മനസ് ഹെൽപ് ലൈൻ 14416 എന്ന നമ്പറുകളിൽ ബന്ധപ്പെടുക. അടിയന്തര സാഹചര്യങ്ങളിൽ 112 എന്ന നമ്പറിൽ വിളിച്ച് സഹായം തേടാം.