Header Banner
ദോഷകരമായ ലിങ്കുകളിലൂടെയും ബോട്ടുകളിലൂടെയും ടെലിഗ്രാം അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെടുന്നു. ഉപയോക്താക്കൾ ജാഗ്രത പാലിക്കുക..

ദോഷകരമായ ലിങ്കുകളിലൂടെയും ബോട്ടുകളിലൂടെയും ടെലിഗ്രാം അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെടുന്നു. ഉപയോക്താക്കൾ ജാഗ്രത പാലിക്കുക..

 


ഇടുക്കി ജില്ലയിൽ നിരവധി ടെലിഗ്രാം ഉപയോക്താക്കളുടെ അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെട്ടതായും, ഉപയോക്താക്കളുടെ അറിവോ സമ്മതമോ കൂടാതെ അവരുടെ അക്കൗണ്ടുകൾ വഴി അശ്ലീലവും ആക്ഷേപകരവുമായ സന്ദേശങ്ങൾ പ്രചരിപ്പിക്കപ്പെടുന്നതായും പരാതികൾ ലഭിച്ചിട്ടുണ്ട്.



പരാതികൾ പരിശോധിച്ചതിൽ, ലിങ്കുകളോ ദോഷകരമായ ബോട്ടുകളോ അടങ്ങിയ സന്ദേശങ്ങൾ ലഭിച്ചതിന് പിന്നാലെയാണ് പല അക്കൗണ്ടുകളും ഹാക്ക് ചെയ്യപ്പെട്ടതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇത്തരം ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നതോടെ ബോട്ടുകൾ വഴി ടെലിഗ്രാം അക്കൗണ്ടിൽ അനധികൃതമായി പ്രവേശിച്ച് അക്കൗണ്ടിന്റെ നിയന്ത്രണം കൈക്കലാക്കാൻ സാധ്യതയുണ്ട്.




ഹാക്ക് ചെയ്യപ്പെട്ട അക്കൗണ്ടിൽ നിന്ന് സമാനമായ ലിങ്കുകളും ബോട്ടുകളും അടങ്ങിയ സന്ദേശങ്ങൾ കോൺടാക്ടുകളിലേക്ക് സ്വയമേ അയയ്ക്കപ്പെടുകയും, ഇതുവഴി തട്ടിപ്പ് വളരെ വേഗത്തിൽ മറ്റ് അക്കൗണ്ടുകളിലേക്കും വ്യാപിക്കുകയും ചെയ്യുന്നു.



പ്രായമായ സ്ത്രീകൾ ഉൾപ്പെടെ നിരവധി വനിതാ ഉപയോക്താക്കളും ഇത്തരം തട്ടിപ്പിന് ഇരയായിട്ടുണ്ട്. അവരുടെ അക്കൗണ്ടുകൾ വഴി അശ്ലീലമോ ആക്ഷേപകരമോ ആയ ഉള്ളടക്കം പ്രചരിക്കുന്നത് സ്വകാര്യതയ്ക്കും വ്യക്തിമാന്യതയ്ക്കും ഗുരുതരമായ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്ന സാഹചര്യമാണ്.



ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

🔹 അനാവശ്യമായി ലഭിക്കുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത്.
🔹 ഇതുപോലുള്ള ലിങ്കിൽ കയറുകയോ  ഇടപെടുകയോ അവയ്ക്ക് അനുമതികൾ നൽകുകയോ ചെയ്യരുത്.
🔹 സംശയാസ്പദമായ സന്ദേശങ്ങൾ മറ്റുള്ളവർക്ക് ഫോർവേഡ് ചെയ്യരുത്.
🔹 ടെലിഗ്രാം അക്കൗണ്ടിൽ Two-Step Verification ഉൾപ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങൾ സജീവമാക്കുക.
🔹 നിങ്ങളുടെ അക്കൗണ്ടിൽ നിന്ന് നിങ്ങൾ അയച്ചിട്ടില്ലാത്ത സന്ദേശങ്ങൾ പോകുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ സൈബർ സെല്ലിനെ ബന്ധപ്പെടുക.

നിങ്ങളുടെ അക്കൗണ്ടിന്റെ സുരക്ഷ നിങ്ങളുടെ കൈകളിലാണ്. സംശയാസ്പദമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യാതിരിക്കുക — ജാഗ്രത പാലിക്കുക.
ഇടുക്കി ജില്ലയിൽ ഇത്തരം തട്ടിപ്പിന് ഇരയായാൽ ഉടൻ ഇടുക്കി ജില്ലാ സൈബർ സെല്ലിന്റെ 9497976003 എന്ന നമ്പറിൽ ബന്ധപ്പെടുക.