പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വീട്ടിൽ വെച്ചും കടത്തിക്കൊണ്ടുപോയും പീഡിപ്പിച്ച കേസിൽ പ്രതിയായ അണക്കര വില്ലേജിൽ പാമ്പുപാറ കരയിൽ അമ്പലമേട് ഭാഗത്ത് പുതിയവീട് വീട്ടിൽ മോങ്കിയ എന്നു വിളിക്കുന്ന രമേശ് (42)നാണ് ബഹു. കട്ടപ്പന പോക്സോ കോടതി ജഡ്ജ് ബിൽകുൽ ജി ആർ 31 വർഷത്തെ കഠിനതടവും 1,15,000/- രൂപ പിഴയും ശിക്ഷ വിധിച്ചത്.
2020 ലാണ് കേസിനാസ്പദമായ സംഭവം. പ്രതി അതിജീവിതയുടെ വീട്ടിൽ അതിക്രമിച്ചു കയറി മുറിയിൽ വച്ചും തുടർന്ന് അതിജീവിതയെ തട്ടിക്കൊണ്ടുപോയി കോട്ടയത്ത് വെച്ചും, മൂന്നാറിൽ വച്ചും, തമിഴ്നാട് വെച്ചും പല ദിവസങ്ങളിലായി പീഡിപ്പിച്ചു എന്നതാണ് കേസ്. വണ്ടന്മേട് പോലീസ് എസ് എച് ഒ ആയിരുന്ന വി. എസ് നവാസ് ആണ് അന്വേഷണം പൂർത്തിയാക്കി പ്രതിക്കെതിരെ കുറ്റപത്രം തയ്യാറാക്കി കോടതി മുമ്പാകെ സമർപ്പിച്ചത്.
പോലീസ് ഉദ്യോഗസ്ഥരായ രജനി ബാലകൃഷ്ണൻ, വീണ ആർ, ഹരികുമാർ,ഡെജി പി വർഗീസ്, ബിനീഷ് എന്നിവർ അന്വേഷണത്തിന് സഹായികളായി. പ്രോസിക്യൂഷന് വേണ്ടി അഡ്വക്കറ്റ് സുസ്മിത ജോൺ ഹാജരായി. പോലീസ് ഉദ്യോഗസ്ഥരായ ജിനോമോൻ, അൻസൽന എന്നിവർ പ്രോസിക്യൂഷനെ സഹായിച്ചു.



