Header Banner
മാലിന്യക്കൂമ്പാരമായ ഇടത്ത് ഇന്ന് പൂക്കാലം; ബേബിയുടെ ചെണ്ടുമല്ലി വിസ്മയം.

മാലിന്യക്കൂമ്പാരമായ ഇടത്ത് ഇന്ന് പൂക്കാലം; ബേബിയുടെ ചെണ്ടുമല്ലി വിസ്മയം.

 


അയ്യപ്പൻകോവിൽ പഞ്ചായത്തിലെ മേരികുളം ജംഗ്ഷനോട് ചേർന്നുള്ള കയറ്റിറക്ക് തൊഴിലാളികളുടെ വിശ്രമകേന്ദ്രത്തിന് സമീപം ഇപ്പോൾ പൂത്തുലഞ്ഞുനിൽക്കുകയാണ് മനോഹരമായ ചെണ്ടുമല്ലിപ്പൂക്കൾ. മലയോര ഹൈവേയോട് ചേർന്നുള്ള ഈ പൂക്കാഴ്ച യാത്രക്കാരുടെയും നാട്ടുകാരുടെയും ശ്രദ്ധ ആകർഷിക്കുകയാണ്.എന്നാൽ, ഈ പൂക്കൾ വിൽപ്പനയ്ക്കുള്ളതല്ല;ആസ്വദിക്കാനുള്ളതാണ്.



രാത്രികാലങ്ങളിൽ വിശ്രമകേന്ദ്രത്തിന് സമീപം പാഴ്‌വസ്തുക്കൾ കൊണ്ടുവന്ന് തള്ളുന്നത് പതിവായതോടെയാണ് മുതിർന്ന തൊഴിലാളിയായ കുന്നേൽ സെബാസ്റ്റ്യൻ എന്ന ബേബിയുടെ മനസ്സിൽ വ്യത്യസ്തമായൊരു ആശയം ഉദിച്ചത്. കഴിഞ്ഞ ഓണത്തിന് മുമ്പായി ഇവിടെ കെട്ടിക്കിടന്നിരുന്ന മാലിന്യങ്ങൾ നീക്കം ചെയ്ത് ബേബി സ്ഥലം വൃത്തിയാക്കി.




തുടർന്ന് സുഹൃത്തും സഹതൊഴിലാളിയുമായ സുരേഷ് കുമാറിന്റെ സഹായത്തോടെ ചെണ്ടുമല്ലി തൈകൾ എത്തിച്ചു. തൈകൾ നട്ടു. വെള്ളമൊഴിച്ചു. കളകൾ നീക്കി. വളം നൽകി. വേനൽ കടുത്തപ്പോൾ ചെടികളുടെ ചുവട്ടിൽ ചകിരി വിരിച്ച് ചൂടിൽ നിന്ന് സംരക്ഷിക്കുകയും ചെയ്തു. ഇടവേളകളിൽ മറ്റ് തൊഴിലാളികളും ഒപ്പം ചേർന്നതോടെ, ഇന്ന് ഈ ഇടം മനോഹരമായ ചെണ്ടുമല്ലിപ്പൂക്കളുടെ പൂങ്കാവനമായി മാറിയിരിക്കുകയാണ്. തൊഴിലാളികൾ വിശ്രമിക്കുന്ന ഇരിപ്പിടവും പൂക്കൾക്ക് തൊട്ടടുത്താണ്.




വിശ്രമസമയങ്ങളിൽ പൂക്കളുടെ മനോഹാരിത ആസ്വദിച്ചും, കാറ്റിൽ തലയാട്ടിയാടുന്ന പൂക്കളെ നോക്കിയും, തേൻ നുകരാനെത്തുന്ന വണ്ടുകളെയും ചിത്രശലഭങ്ങളെയും കണ്ടും സമയം പോകുന്നതറിയാറില്ലെന്ന് തൊഴിലാളികൾ പറയുന്നു.
മേരികുളത്ത് ഇരുപത്തിരണ്ടോളം ചുമട്ടുതൊഴിലാളികളാണുള്ളത്. ഇവരിൽ ഏറ്റവും മുതിർന്നയാളായ സെബാസ്റ്റ്യൻ എന്ന ബേബി വിരമിച്ചിട്ട് രണ്ട് വർഷം കഴിഞ്ഞു.എങ്കിലും ചെറിയ ജോലികളുമായി ഇന്നും അദ്ദേഹം ഈ തൊഴിലാളി കേന്ദ്രത്തിൽ എത്താറുണ്ട്. ഒപ്പം, അദ്ദേഹം സ്നേഹത്തോടെ ഒരുക്കിയ ഈ ചെണ്ടുമല്ലിപ്പൂക്കളും...




ഒരു കാലത്ത് മാലിന്യം തള്ളിയിരുന്ന ഇടം ഇന്ന് യാത്രക്കാർക്കും നാട്ടുകാർക്കും കാഴ്ചയുടെ ഇടമായി മാറിയിരിക്കുന്നു.
ബേബിയുടെയും സഹതൊഴിലാളികളുടെയും ഈ ചെറിയ ഇടപെടൽ, ഒരു ഇടത്തെ മാത്രമല്ല, ചുറ്റുപാടിനെയും മനോഹരമാക്കുകയാണ്.