Header Banner
സ്കാനിങ് നിഷേധിച്ചെന്ന് പരാതി; ഇടുക്കി മെഡിക്കൽ കോളേജിൽ വീണ്ടും അനാസ്ഥ ആരോപണം.

സ്കാനിങ് നിഷേധിച്ചെന്ന് പരാതി; ഇടുക്കി മെഡിക്കൽ കോളേജിൽ വീണ്ടും അനാസ്ഥ ആരോപണം.

 


ഇടുക്കി മെഡിക്കൽ കോളേജിൽ സാധാരണക്കാരായ രോഗികളോട് ജീവനക്കാരുടെ അനാസ്ഥ തുടരുന്നതായി പരാതി. 21 ദിവസം പ്രായമുള്ള നവജാത ശിശുവിന് കാലാവധി കഴിഞ്ഞ മരുന്ന് നൽകിയെന്ന പരാതി ഉയർന്നതിന് പിന്നാലെയാണ് അഞ്ചരവയസ്സുകാരിക്ക് അടിയന്തരമായി സ്കാനിങ് നടത്താൻ ജീവനക്കാർ തയ്യാറായില്ലെന്ന ആരോപണവും പുറത്തുവരുന്നത്.



ഇടുക്കി തടിയമ്പാട് സ്വദേശി മടത്തികണ്ടത്തിൽ അരുൺ ചാക്കോയാണ് പരാതിയുമായി രംഗത്തെത്തിയത്. നാലഞ്ച് ദിവസമായി അസുഖബാധിതയായിരുന്ന തന്റെ അഞ്ചരവയസ്സുകാരിയായ മകൾക്ക് രോഗകാരണം കൃത്യമായി കണ്ടെത്താൻ കഴിയാത്തതിനെ തുടർന്ന് തിങ്കളാഴ്ച എമർജൻസി അടിസ്ഥാനത്തിൽ സ്കാനിങ് നടത്താൻ ഡോക്ടർ നിർദേശിച്ചിരുന്നതായി അരുൺ ചാക്കോ പറയുന്നു.



എന്നാൽ, സ്കാനിങ് ശനിയാഴ്ച മാത്രമേ നടത്താൻ കഴിയൂ എന്ന് പറഞ്ഞ് കുട്ടിയെയും വല്യമ്മയെയും ജീവനക്കാർ തിരിച്ചയക്കാൻ ശ്രമിച്ചതായാണ് പരാതി. തുടർന്ന് കുടുംബം ആശുപത്രി അധികൃതരെ ഫോണിൽ ബന്ധപ്പെട്ട് വിവരം അറിയിച്ചതിന് പിന്നാലെയാണ് കുട്ടിയെ സ്കാനിങ്ങിന് പ്രവേശിപ്പിക്കാൻ ജീവനക്കാർ തയ്യാറായതെന്നും പിതാവ് ആരോപിച്ചു.



ഇതിനിടെ, പരാതി നൽകിയതിന്റെ പേരിൽ ജോലി കളയിക്കാനാണോ ശ്രമിക്കുന്നതെന്ന് ചോദിച്ച് ജീവനക്കാർ കുടുംബത്തോട് കയർത്തതായും അരുൺ ചാക്കോ പറയുന്നു.



സ്കാനിങ് നടത്തിയെങ്കിലും കുട്ടിയുടെ അസുഖത്തിന് ശമനം ഉണ്ടാകാത്തതിനെ തുടർന്ന് കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കുട്ടി നിലവിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.



21 ദിവസം മാത്രം പ്രായമുള്ള നവജാത ശിശുവിന് കാലാവധി കഴിഞ്ഞ മരുന്ന് നൽകിയെന്ന പരാതി ഉയർന്നതിന് പിന്നാലെയാണ് ഇടുക്കി മെഡിക്കൽ കോളേജിനെതിരെ മറ്റൊരു അനാസ്ഥാ ആരോപണം കൂടി ഉയരുന്നത്.