വാഗമൺ ഉണ്ണിച്ചെടിക്കാട് ഇടക്കാനത്ത് യാതൊരുവിധ വികസന പ്രവർത്തനങ്ങളും കടന്നു ചെല്ലുന്നില്ല.അൻപതോളം കുടുംബങ്ങൾ തിങ്ങിപ്പാർക്കുന്ന ഈ പ്രദേശത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ പൂർണ്ണമായും അവഗണിക്കുകയാണെന്ന് നാട്ടുകാർ പരാതിപ്പെടുന്നു.തിരഞ്ഞെടുപ്പ് വേളകളിൽ മാത്രമാണ് രാഷ്ട്രീയ നേതാക്കൾ ഇവിടെ എത്തുന്നതെന്നും ഇവർ പറയുന്നു.
വർഷങ്ങൾക്ക് മുൻപ് കുവലയേറ്റത്ത് നിന്നും കോട്ടമലയിലേക്ക് ഉണ്ടായിരുന്ന പ്രധാന ലിങ്ക് റോഡായിരുന്നു ഇത്. എന്നാൽ കോട്ടമല എസ്റ്റേറ്റ് അടച്ചതോടെ അറ്റകുറ്റ പണി ചെയ്യാതെ റോഡ് പൂർണ്ണമായും തകർന്നു. കല്ലും കുഴികളും നിറഞ്ഞ വഴിയിലൂടെ സ്കൂൾ കുട്ടികളും ജോലിക്കാരും ഉൾപ്പെടെയുള്ള പ്രദേശവാസികൾ ജീവൻ പണയം വെച്ചാണ് യാത്ര ചെയ്യുന്നത്.കൂടാതെ, ഉപ്പുതറയിൽ നിന്ന് വാഗമണ്ണിലേക്കുള്ള വഴിയായി ഗൂഗിൾ മാപ്പ് കാണിക്കുന്നത് ഈ തകർന്ന റോഡായതിനാൽ നിരവധി യാത്രക്കാർ വഴിതെറ്റിയും ഇവിടെയെത്തുന്നു.
മാറിമാറി വരുന്ന ഭരണാധികാരികൾ തങ്ങളുടെ ദുരിതത്തിന് എന്ന് അന്ത്യം കുറിക്കുമെന്ന കാത്തിരിപ്പിലാണ് ഇടക്കാനത്തെ ജനങ്ങൾ.തങ്ങളുടെ പ്രാഥമിക ആവശ്യമായ റോഡ് സഞ്ചാരയോഗ്യമാക്കാൻ അധികാരികൾ അടിയന്തരമായി ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.


