മുല്ലപ്പെരിയാർ സമഗ്ര സുരക്ഷാ പരിശോധന ഇന്ന് മുതൽ വിദഗ്ധ സമിതി തേക്കടിയിലെത്തികുമളി: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഘടനാപരമായ സുരക്ഷ വിലയിരുത്തുന്നതിനുള്ള സുപ്രീംകോടതി നിർദേശപ്രകാരമുള്ള സമഗ്ര സുരക്ഷാ പരിശോധന ഇന്ന് മുതൽ ആരംഭിക്കും. കേന്ദ്ര ഡാം സുരക്ഷാ അതോറിറ്റിയുടെ മേൽനോട്ടത്തിൽ രൂപീകരിച്ച പ്രമുഖ ഡാം-ഭൂകമ്പ സുരക്ഷാ വിദഗ്ധർ ഉൾപ്പെടുന്ന അഞ്ചംഗ ഔദ്യോഗിക എൻജിനീയറിങ് സമിതി.
ദേശീയതലത്തിൽ ശ്രദ്ധേയരായ വിദഗ്ധരാണ് ഇത്തവണത്തെ പരിശോധനാ പാനലിലുള്ളത്. നാഷണൽ ഹൈഡ്രോ ഇലക്ട്രിക് പവർ കോർപ്പറേഷൻ മുൻ സി.എം.ഡി ശ്രീ. ബൽരാജ് ജോഷിയാണ് സമിതിയുടെ ചെയർമാൻ. എൻ.എച്ച്.പി.സി മുൻ എക്സിക്യൂട്ടീവ് ഡയറക്ടർ ഗോപാൽ ധവാൻ, ഐ.ഐ.ടി റൂർക്കിയിലെ ഭൂകമ്പ എൻജിനീയറിങ് വിഭാഗം പ്രൊഫസറും ഇന്റർനാഷണൽ സെന്റർ ഓഫ് എക്സലൻസ് ഫോർ ഡാംസ് തലവനുമായ എം.എൽ. ശർമ്മ, ഗംഗാ പ്രളയ നിയന്ത്രണ കമ്മീഷൻ മുൻ ചെയർമാൻ ഗുൽഷൻ രാജ്, ഒഡീഷ ജലവിഭവ വകുപ്പ് മുൻ റിട്ടയേർഡ് എൻജിനീയർ ഇൻ ചീഫ് കം സ്പെഷ്യൽ സെക്രട്ടറി അശുതോഷ് ദാഷ് എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ.
ഇന്നലെ തേക്കടിയിലെത്തിയ സംഘം സെപ്റ്റംബർ 1 മുതൽ 3 വരെയുള്ള ദിവസങ്ങളിൽ മുല്ലപ്പെരിയാർ പ്രധാന ഡാം, ബേബി ഡാം, സ്പിൽവേ, ഗാലറി തുടങ്ങിയ ഭാഗങ്ങളിൽ നേരിട്ടെത്തി സമഗ്രമായ പരിശോധനകൾ നടത്തും. തുടർന്ന് കേരള, തമിഴ്‌നാട് സംസ്ഥാനങ്ങളിലെ ഉദ്യോഗ
സ്ഥരുമായി സമിതി നിർണായകമായ ചർച്ചകൾ പൂർത്തിയാക്കും. സന്ദർശനത്തിനും യോഗങ്ങൾക്കും ശേഷം സെപ്റ്റംബർ 4-ന് സംഘം തേക്കടിയിൽ നിന്നും മടങ്ങും.രാജ്യത്തെ പ്രമുഖ ഭൂകമ്പ വിദഗ്ധർ ഉൾപ്പെടുന്ന സമിതിയായതിനാൽ അണക്കെട്ടിന്റെ ഭൂകമ്പ പ്രതിരോധ ശേഷിയും ഘടനപരമായ സുരക്ഷയും ഇത്തവണ സൂക്ഷ്മമായി വിലയിരുത്തപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പുതിയ അണക്കെട്ട് എന്ന ദീർഘകാല ആവശ്യത്തിൽ ഉറച്ചുനിന്നുകൊണ്ട്, അണക്കെട്ടിന്റെ സമ്പൂർണ്ണ സുരക്ഷാ ഓഡിറ്റ് കൃത്യമായി നടത്തണമെന്ന് ഈ ദിവസങ്ങളിൽ കേരളം സമിതിക്ക് മുന്നിൽ ശക്തമായി ആവശ്യപ്പെടും. സുപ്രീം കോടതിയിൽ മുല്ലപ്പെരിയാർ കേസ് കൂടുതൽ ശക്തമായി നടത്തുന്നതിനായി കേരളം പുതിയ അഭിഭാഷക സംഘത്തെയും നിയോഗിച്ചിട്ടുണ്ട്. സമിതിയുടെ റിപ്പോർട്ട് പുറത്തുവരുന്ന മുറയ്ക്ക് തുടർനടപടികൾ വിലയിരുത്താൻ ഡൽഹിയിൽ ഉന്നതതല യോഗം വിളിക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി മുമ്പ് അറിയിച്ചിരുന്നു.




