സംസ്ഥാനത്തെ വീടുകളിൽ നിന്നുള്ള അജൈവ മാലിന്യ ശേഖരണ സംവിധാനത്തിൽ സമഗ്രമായ മാറ്റങ്ങൾ കൊണ്ടുവരാൻ സർക്കാർ ആലോചിക്കുന്നു. പുനരുപയോഗത്തിന് സാധിക്കുന്ന മാലിന്യങ്ങൾ കൈമാറുന്ന വീട്ടുകാർക്ക് പ്രതിഫലം നൽകുന്ന നിർദേശവും പരിഗണനയിലാണ്. മാലിന്യങ്ങൾ കൃത്യമായി തരംതിരിക്കാൻ ജനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന്റെ ഉപയോഗം പരമാവധി കുറയ്ക്കുന്നതിനുമാണ് നീക്കം.
ഹരിതകർമസേന വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും യൂസർ ഫീ ശേഖരിക്കുന്നത് തുടരും. എന്നാൽ, ഇനി മുതൽ വീടിന്റെ വിസ്തീർണത്തിന് അനുസരിച്ചായിരിക്കും യൂസർ ഫീ നിശ്ചയിക്കുക. ചെറിയ വീടുകൾക്ക് കുറഞ്ഞ നിരക്ക് ഈടാക്കുന്ന വ്യവസ്ഥ കൊണ്ടുവരാനും പിരിച്ചെടുക്കുന്ന യൂസർ ഫീ കൃത്യമായ ഓഡിറ്റിങ്ങിന് വിധേയമാക്കാനും ആലോചനയുണ്ട്.
തദ്ദേശ വകുപ്പിന് കീഴിലുള്ള സ്റ്റേറ്റ് റിസോഴ്‌സ് ഗ്രൂപ്പ് യോഗത്തിലാണ് പദ്ധതിയെക്കുറിച്ചുള്ള പ്രാഥമിക ചർച്ചകൾ നടന്നത്. മാലിന്യസംസ്‌കരണ പദ്ധതികൾക്ക് ശാസ്ത്രീയവും സുസ്ഥിരവുമായ മാർഗങ്ങൾ രൂപപ്പെടുത്തുന്നതിനായി കേരള പഞ്ചായത്ത് അസോസിയേഷൻ പ്രസിഡന്റ് അനിൽ അക്കര ചെയർമാനായും ക്ലീൻ കേരള കമ്പനി ലിമിറ്റഡ് മുൻ മാനേജിങ് ഡയറക്ടർ കബീർ ബി. ഹാറൂൺ കൺവീനറായും പ്രത്യേക ഉപസമിതി രൂപീകരിച്ചിട്ടുണ്ട്.
അതേസമയം, പാതയോരങ്ങളിലും പൊതുസ്ഥലങ്ങളിലും അനധികൃതമായി ബോർഡുകൾ, ബാനറുകൾ, പോസ്റ്ററുകൾ, കൊടിതോരണങ്ങൾ എന്നിവ സ്ഥാപിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കാൻ തദ്ദേശ വകുപ്പ് നിർദേശം നൽകി. അനധികൃതമായി സ്ഥാപിക്കുന്ന ഓരോ ബോർഡിനും ബാനറിനും 5,000 രൂപ വീതം പിഴ ഈടാക്കും. ഇവ നീക്കം ചെയ്യുന്നതിനും സംസ്‌കരിക്കുന്നതിനുമുള്ള ചെലവും കുറ്റക്കാരിൽ നിന്ന് തദ്ദേശ സ്ഥാപനങ്ങൾ ഈടാക്കും.
ഉത്തരവ് നടപ്പാക്കുന്നതിൽ വീഴ്ച വരുത്തുന്ന തദ്ദേശ സ്ഥാപന സെക്രട്ടറിമാരിൽ നിന്ന് വ്യക്തിപരമായി ഈ തുക ഈടാക്കുമെന്നും നിർദേശത്തിൽ വ്യക്തമാക്കുന്നു.





