അപ്രഖ്യാപിത പവർകട്ടിനും ലോഡ് ഷെഡിങ്ങിനുമെതിരെ ഡി.വൈ.എഫ്.ഐ ഏലപ്പാറ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ.എസ്.ഇ.ബി ഉപ്പുതറ സെക്ഷൻ ഓഫീസിലേക്ക് ചൂട്ട് മാർച്ച് സംഘടിപ്പിച്ചു. ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റ് ബി. അനൂപ് മാർച്ച് ഉദ്ഘാടനം ചെയ്തു.
ഏലപ്പാറ ബ്ലോക്ക് സെക്രട്ടറി പി.പി. പ്രശാന്ത് അധ്യക്ഷനായി.
സി.പി.ഐ(എം) ഉപ്പുതറ ലോക്കൽ കമ്മിറ്റി ഓഫീസിൽ നിന്ന് ആരംഭിച്ച പ്രകടനം ഒൻപതേക്കർ ജങ്ഷൻ വഴി കെ.എസ്.ഇ.ബി ഓഫീസിലെത്തി. തുടർന്ന് പ്രവർത്തകർ ചൂട്ടുകത്തിച്ച് പ്രതിഷേധിച്ചു.
80-കളിലെ കാലഘട്ടത്തിലേക്ക് കേരളത്തെ തിരിച്ചുകൊണ്ടുപോകുന്ന സാഹചര്യമാണ് ഇപ്പോഴുള്ളതെന്ന് ബി. അനൂപ് ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. പവർകട്ടും ലോഡ് ഷെഡിങ്ങും ഇല്ലാതെ വൈദ്യുതി സംവിധാനം കൈകാര്യം ചെയ്യാൻ കഴിയാത്ത കഴിവുകെട്ട മന്ത്രിയാണ് വൈദ്യുതി വകുപ്പ് കൈകാര്യം ചെയ്യുന്ന സണ്ണി ജോസഫെന്നും അദ്ദേഹം ആരോപിച്ചു. വി.ഡി. സതീശൻ സർക്കാരിന്റെ കാലത്ത് ജനങ്ങളെ ചുട്ടുപൊള്ളിക്കുന്ന തരത്തിലുള്ള സാഹചര്യമാണ് ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പ്രകടനത്തിന് മുന്നോടിയായി “പത്ത് വർഷമായി പവർകട്ട് എന്തെന്നറിയാത്ത പുതുതലമുറയ്ക്ക് പവർകട്ട് പഠിപ്പിച്ച വി.ഡി. സതീശൻ സർക്കാർ” എന്ന രീതിയിലുള്ള അനൗൺസ്മെന്റും നടത്തി.
ഡി.വൈ.എഫ്.ഐ ബ്ലോക്ക് പ്രസിഡന്റ് അഫ്സൽ മുഹമ്മദ്, ബ്ലോക്ക് ജോയിന്റ് സെക്രട്ടറി പി.ആർ. സനീഷ്, ബ്ലോക്ക് പഞ്ചായത്തംഗം ജയമോൾ രാജേഷ്, രതീഷ് രാജൻ, വിജേഷ് പി.വി., എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗം മനു മണി എന്നിവർ സംസാരിച്ചു.




