ബസ് ഓടിക്കുന്നവർ റോഡിലെ തമ്പുരാക്കന്മാരല്ലെന്ന് കേരള ഹൈക്കോടതി. കഴിഞ്ഞ ദിവസം ഒരു ബസ് ജീവനക്കാരൻ കാർ തടഞ്ഞ് ഭീഷണി മുഴക്കിയ സംഭവം പരാമർശിച്ചുകൊണ്ടായിരുന്നു കോടതിയുടെ പ്രതികരണം. സുരക്ഷിതമായ റോഡുകൾ മൗലികാവകാശമാണെന്നും നിയമം കൈയിലെടുക്കാൻ ആരെയും അനുവദിക്കരുതെന്നും കോടതി പറഞ്ഞു.
നഗരത്തിൽ ബസുകളടക്കമുള്ള വലിയ വാഹനങ്ങൾ നടത്തുന്ന അപകടപ്പാച്ചിൽ തടയാൻ സ്വീകരിച്ച നടപടികൾ വിശദീകരിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്ക് നിർദേശവും നൽകി. ഇക്കാര്യത്തിൽ പൊലീസ് കഴിഞ്ഞ വർഷം കോടതിയിൽ നൽകിയ ഉറപ്പുകൾ നടപ്പാക്കുന്നില്ലെന്നും കോടതി കുറ്റപ്പെടുത്തി.
വലിയ വാഹനങ്ങളുടെ അപകടയോട്ടം കാൽനടക്കാർക്കും ചെറുവാഹനങ്ങൾക്കും ഭീഷണിയാണെന്ന് അമിക്കസ് ക്യൂറി ചൂണ്ടിക്കാട്ടി. ബസ് ജീവനക്കാർക്ക് വെരിഫിക്കേഷൻ ഏർപ്പെടുത്തുമെന്നും പരാതിപ്പെടാനുള്ള വാട്‌സ്ആപ്പ് നമ്പർ വാഹനങ്ങളിൽ പതിക്കുമെന്നും 2025-ൽ പൊലീസ് ഉറപ്പുനൽകിയതാണെന്ന് കോടതി പറഞ്ഞു. എന്നാൽ നടപടികൾ ഫലപ്രദമായില്ല.
ബസുകൾക്ക് ഓവർടേക്ക് ചെയ്യാനും ചെറുവാഹനങ്ങളെ പേടിപ്പിക്കാനും നഗരത്തിൽ ആരാണ് അധികാരം നൽകിയതെന്നും കോടതി ചോദിച്ചു.




