വന്യജീവി ആക്രമണങ്ങളിൽ നിന്ന് ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാൻ ആവശ്യമായ പദ്ധതികൾക്ക് ഫണ്ടില്ലെന്ന് പറയുന്ന വനംവകുപ്പ്, വെറും ഏഴ് ജീവനക്കാർ മാത്രമുള്ള ഒരു ഓഫീസ് മാറ്റിസ്ഥാപിക്കാൻ കോടികൾ ചെലവഴിക്കുന്നതായി ആരോപണം. നബാർഡിൽ നിന്ന് 5.35 കോടി രൂപ വായ്പയെടുത്താണ് ഓഫീസ് മാറ്റുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നത്.
കാട്ടാന, കാട്ടുപന്നി ഉൾപ്പെടെയുള്ള വന്യജീവികൾ ജനവാസ മേഖലകളിലേക്ക് ഇറങ്ങുന്നത് തടയാൻ സോളാർ ഫെൻസിങ്ങും കിടങ്ങുകളും ഉൾപ്പെടെയുള്ള പ്രതിരോധ സംവിധാനങ്ങൾ ഒരുക്കുന്നതിന് ആവശ്യമായ ഫണ്ട് അനുവദിക്കുന്നതിൽ വനംവകുപ്പ് വിമുഖത കാണിക്കുമ്പോഴാണ് കോടികൾ മുടക്കി ഓഫീസ് മാറ്റാനുള്ള നീക്കം.
ഇടുക്കി പൈനാവ് വെള്ളാപ്പാറയിൽ പ്രവർത്തിക്കുന്ന വനംവകുപ്പ് വിജിലൻസ് ഫ്ലയിങ് സ്ക്വാഡ് ഓഫീസാണ് പീരുമേടിന് സമീപമുള്ള തട്ടത്തിക്കാനത്തേക്ക് മാറ്റുന്നത്. ഇതിനായി നബാർഡിൽ നിന്ന് 5.35 കോടി രൂപ വായ്പയെടുക്കാനാണ് വനംവകുപ്പിന്റെ തീരുമാനം.
എരുമേലി റെയ്ഞ്ചിലെ മുറിഞ്ഞപുഴ ഫോറസ്റ്റ് സ്റ്റേഷന്റെ അധികാരപരിധിയിൽ വരുന്ന 53.4 ഏക്കർ വിസ്തൃതിയുള്ള തട്ടത്തിക്കാനം റിസർവിലാണ് പുതിയ ഓഫീസ് നിർമിക്കാൻ സ്ഥലം കണ്ടെത്തിയിരിക്കുന്നത്.
ഓഫീസിലെ ജീവനക്കാരുടെ എണ്ണമാണ് ഇതിലെ ശ്രദ്ധേയമായ മറ്റൊരു കാര്യം. ഒരു ഡി.എഫ്.ഒ ഉൾപ്പെടെ ആകെ ഏഴ് ജീവനക്കാർ മാത്രമാണ് നിലവിൽ ഓഫീസിലുള്ളത്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ടതിൽ ഫണ്ടിന്റെ കുറവ് ചൂണ്ടിക്കാട്ടുന്ന വനംവകുപ്പ്, പരിമിതമായ ജീവനക്കാരുള്ള ഒരു ഓഫീസിനായി കോടികൾ ചെലവഴിക്കുന്നത് അനാവശ്യ ധൂർത്തെന്ന വിമർശനവും ശക്തമാണ്.
പൈനാവിലെ ഓഫീസിൽ അടിസ്ഥാന സൗകര്യങ്ങളുടെ കുറവുണ്ടെന്നതാണ് ഓഫീസ് മാറ്റത്തിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്. എന്നാൽ വനംമന്ത്രിയുടെ പ്രത്യേക താൽപര്യപ്രകാരമാണ് ഫയൽ അതിവേഗം നീങ്ങിയതെന്ന ആരോപണവും ഉയരുന്നുണ്ട്.
ഇടുക്കിയിൽ വനംവകുപ്പിന് സ്വന്തമായി നിരവധി കെട്ടിടങ്ങളും സ്ഥലങ്ങളും നിലവിലിരിക്കെയാണ് പുതിയ കെട്ടിടത്തിനായി കോടികൾ വായ്പയെടുക്കാനുള്ള നീക്കമെന്നും വിമർശകർ ചൂണ്ടിക്കാട്ടുന്നു.
അതേസമയം, ചില ഉദ്യോഗസ്ഥരുടെ സ്വാർത്ഥ താൽപര്യങ്ങൾക്കും സാമ്പത്തിക ക്രമക്കേടുകൾക്കും വേണ്ടിയാണ് ഓഫീസ് മാറ്റാനുള്ള നീക്കമെന്ന ആരോപണവും ശക്തമാണ്. എന്നാൽ ഇത്തരം ആരോപണങ്ങൾക്ക് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല.
അഴിമതികളും ക്രമക്കേടുകളും അന്വേഷിക്കേണ്ട വിജിലൻസ് വിഭാഗത്തിനായി തന്നെ കോടികൾ ചെലവഴിച്ച് പുതിയ ഓഫീസ് നിർമിക്കുന്നതാണ് പദ്ധതിയിലെ ഏറ്റവും വലിയ വിരോധാഭാസമെന്നും വിമർശനം ഉയരുന്നുണ്ട്.





