Header Banner
കർക്കിടക വാവ് ബലിക്ക് വിപുലമായ ഒരുക്കങ്ങൾ പൂർത്തിയായി.

കർക്കിടക വാവ് ബലിക്ക് വിപുലമായ ഒരുക്കങ്ങൾ പൂർത്തിയായി.


 പരശുരാമനാൽ പ്രതിഷ്ഠിക്കപ്പെട്ട പഞ്ചമഹാക്ഷേത്രങ്ങളിൽ ഒന്നാണ് അയ്യപ്പൻകോവിൽ പുരാതന ശ്രീധർമ്മശാസ്താ ക്ഷേത്രം. പെരിയാറിന്റെ തീരത്ത് ശാസ്താചൈതന്യം പ്രഭ ചൊരിഞ്ഞ് പ്രശോഭിക്കുന്ന പുണ്യപുരാതന ക്ഷേത്രത്തിൽ കർക്കിടകം 27-ാം തീയതി, ഓഗസ്റ്റ് 12 ബുധനാഴ്ച പുലർച്ചെ 5.30 മുതൽ കർക്കിടക വാവ് ബലിയും പിതൃസായൂജ്യ പൂജയും തിലഹവനവും നടക്കും.

ക്ഷേത്രത്തിൽ ബലിതർപ്പണത്തിന് എത്തുന്ന ഭക്തർക്കായി യാത്രാസൗകര്യവും ഒരുക്കിയിട്ടുണ്ട്. പിതൃതർപ്പണത്തിന് പുകൾപ്പെറ്റ നദിയാണ് പെരിയാർ. പെരിയാറിന്റെ തീരത്തുള്ള പുണ്യപുരാതന ശാസ്താക്ഷേത്രമായ അയ്യപ്പൻകോവിൽ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ ഓരോ വർഷവും നൂറുകണക്കിന് ഭക്തരാണ് ബലിതർപ്പണത്തിനായി എത്തുന്നത്.



ക്ഷേത്രം പുതുക്കിപ്പണിത് വില്ലാളിവീരന്റെ പഞ്ചലോഹപ്രതിഷ്ഠ നടത്തിയശേഷം നടക്കുന്ന രണ്ടാമത്തെ ബലിതർപ്പണമെന്ന പ്രത്യേകതയും ഇത്തവണത്തെ ചടങ്ങിനുണ്ട്. പെരിയാറ്റിൽ ജലനിരപ്പ് കുറഞ്ഞുനിൽക്കുന്നതും ക്ഷേത്രത്തിന് ചുറ്റും വെള്ളമില്ലെന്ന പ്രത്യേകതയുമുണ്ട്.

ക്ഷേത്രത്തിലേക്ക് വാഹനത്തിൽ എത്തുന്നതിനായി ക്ഷേത്ര ഭരണസമിതി റോഡുകൾ സഞ്ചാരയോഗ്യമാക്കിയിട്ടുണ്ട്. ഉപ്പുതറ ഭാഗത്തുനിന്ന് വരുന്നവർക്ക് കാക്കത്തോട്ടിൽ കടത്തുവള്ളം ഏർപ്പെടുത്തിയിട്ടുണ്ട്. കട്ടപ്പന ഭാഗത്തുനിന്നുള്ളവർക്ക് കോഴിമല റോഡ് വഴി ദേവീക്ഷേത്രത്തിന് സമീപം വാഹനത്തിൽ എത്താവുന്ന രീതിയിലാണ് യാത്രാസൗകര്യം ഒരുക്കിയിരിക്കുന്നത്.



ബലിതർപ്പണം പുലർച്ചെ 5.30ന് ആരംഭിക്കും. കർക്കിടകം ഒന്ന് മുതൽ കർക്കിടക മാസ രാമായണമാസാചരണം നടന്നുവരികയാണ്. ഓഗസ്റ്റ് 16 വരെ രാമായണപാരായണം നടക്കും.

ബലിതർപ്പണത്തിന് ശേഷം പുലർച്ചെ മുതൽ ഔഷധക്കഞ്ഞി സേവയ്ക്കും ക്ഷേത്ര ഭരണസമിതി നടപടി സ്വീകരിച്ചിട്ടുണ്ട്. വാവ് ബലിതർപ്പണത്തോടൊപ്പം തിലഹവനവും സായൂജ്യപൂജയും ക്ഷേത്രത്തിൽ നടക്കും.



കർക്കിടക വാവ് ബലിക്ക് വിപുലമായ ഒരുക്കങ്ങളാണ് ക്ഷേത്ര ഭരണസമിതി സ്വീകരിച്ചിരിക്കുന്നത്. ഓഗസ്റ്റ് 16ന് ക്ഷേത്രാങ്കണത്തിൽ ഓണസദ്യയും അന്നേദിവസം നിർധനരായ 100 പേർക്ക് അരിവിതരണവും നടക്കും. അന്നേദിവസം ക്ഷേത്രത്തിൽ രക്ഷാബന്ധന മഹോത്സവവും നടക്കുമെന്ന് ക്ഷേത്ര ഭാരവാഹികൾ പറഞ്ഞു.



വാർത്താസമ്മേളനത്തിൽ ക്ഷേത്ര പ്രസിഡന്റ് ഷാജി കെ. എ., സെക്രട്ടറി എം. എസ്. പ്രശാന്ത്, ജോയിന്റ് സെക്രട്ടറി രാജേഷ് വി. കെ., മണികണ്ഠൻ പി. ഡി., സജി ചന്ദ്രൻ, സലി ചന്ദ്രൻ, ദിലീപ് വലിയവീട്ടിൽ എന്നിവർ പങ്കെടുത്തു.