Header Banner
വീടിന് ഭീഷണിയായി മരങ്ങൾ; നടപടി വൈകുന്നതിൽ പ്രതിഷേധിച്ച് വീട്ടമ്മയും മകളും പഞ്ചായത്തിന് മുന്നിൽ സമരത്തിൽ.

വീടിന് ഭീഷണിയായി മരങ്ങൾ; നടപടി വൈകുന്നതിൽ പ്രതിഷേധിച്ച് വീട്ടമ്മയും മകളും പഞ്ചായത്തിന് മുന്നിൽ സമരത്തിൽ.

 


മാട്ടുക്കട്ട വില്ലേജ്പടി പന്തപ്പാട്ട് മറിയാമ്മയുടെ വീടിന് പിൻവശത്താണ് ഏത് സമയവും വീടിന് മുകളിലേക്ക് മറിഞ്ഞുവീഴാവുന്ന തരത്തിൽ മരങ്ങൾ നിൽക്കുന്നത്.
മരങ്ങൾ മുറിച്ചുമാറ്റണമെന്ന് നിരവധി തവണ പറമ്പിന്റെ ഉടമയോട് ആവശ്യപ്പെട്ടെങ്കിലും നടപടിയുണ്ടായില്ല. തുടർന്ന് ഏഴ് മാസം മുൻപ് അയ്യപ്പൻകോവിൽ പഞ്ചായത്തിൽ പരാതി നൽകിയെങ്കിലും പരിഹാരമുണ്ടായില്ല.



വീണ്ടും പഞ്ചായത്തിൽ പരാതി നൽകുകയും വാർഡ് മെമ്പർ ഉൾപ്പെടെയുള്ളവരെ വിവരം അറിയിക്കുകയും ചെയ്തിട്ടും നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണ് മറിയാമ്മ കളക്ടറെ നേരിൽ കണ്ട് പരാതി നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ മരം മുറിച്ചുമാറ്റാൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് പഞ്ചായത്ത് അധികൃതർക്ക് കളക്ടർ നിർദേശം നൽകി.



പഞ്ചായത്തിൽനിന്ന് നോട്ടീസ് നൽകിയിട്ടും മരം മുറിച്ചുമാറ്റാൻ ഉടമ തയ്യാറാകാതെ വന്നതോടെയാണ് ഒറ്റയ്ക്ക് താമസിക്കുന്ന മറിയാമ്മ മകളെയും കൂട്ടി പഞ്ചായത്തിന് മുന്നിൽ സമരം ആരംഭിച്ചത്. 2019ലാണ് പട്ടയമില്ലാത്ത നാല് സെന്റ് സ്ഥലവും വീടും ഇവർ വിലകൊടുത്ത് വാങ്ങിയത്. മുൻപും അയൽവാസിയുടെ മരം ഒടിഞ്ഞുവീണ് വീടിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെന്ന് മറിയാമ്മ പറയുന്നു.



മഴയത്ത് മരങ്ങളുടെ ചുവട്ടിലെ മണ്ണ് ഇടിഞ്ഞ് ഏത് സമയവും മരം വീടിന് മുകളിലേക്ക് പതിക്കാവുന്ന അവസ്ഥയാണ് നിലവിലുള്ളത്. മരം എത്രയും വേഗം മുറിച്ചുമാറ്റിയില്ലെങ്കിൽ തങ്ങളുടെ ജീവന് തന്നെ ഭീഷണിയാണെന്നും മറിയാമ്മ പറയുന്നു. വ്യാഴാഴ്ച ഇരുകൂട്ടരെയും പഞ്ചായത്തിൽ ഹിയറിങ്ങിനായി വിളിച്ചിട്ടുണ്ടെന്നും മരം മുറിച്ചുമാറ്റാൻ ആവശ്യമായ നടപടി സ്വീകരിക്കുമെന്നും പഞ്ചായത്ത് സെക്രട്ടറി ഉറപ്പ് നൽകിയതിനെ തുടർന്ന് മറിയാമ്മയും മകളും സമരം അവസാനിപ്പിച്ചു.