Header Banner
ആദിവാസി പങ്കാളിത്തത്തോടെ വനസംരക്ഷണം വ്യാപിപ്പിക്കും: മന്ത്രി ഷിബു ബേബി ജോൺ.

ആദിവാസി പങ്കാളിത്തത്തോടെ വനസംരക്ഷണം വ്യാപിപ്പിക്കും: മന്ത്രി ഷിബു ബേബി ജോൺ.

 


ആദിവാസി സമൂഹത്തിന്റെ പങ്കാളിത്തത്തോടെയുള്ള വനസംരക്ഷണ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുമെന്നും ഇതിന് ഇക്കോ ഡെവലപ്‌മെന്റ് കമ്മിറ്റികൾ (ഇഡിസി) മികച്ച മാതൃകയാണെന്നും മന്ത്രി ഷിബു ബേബി ജോൺ പറഞ്ഞു. ഊരുണർവ് പരിപാടിയുടെ ഭാഗമായി വള്ളക്കടവ് വഞ്ചിവയൽ ഉന്നതി സന്ദർശിച്ച് പ്രവർത്തനങ്ങൾ വിലയിരുത്തുകയായിരുന്നു മന്ത്രി.



പെരിയാർ ടൈഗർ റിസർവ് ഈസ്റ്റ് ഡിവിഷനിലെ 14 ഇഡിസികളിൽ ആദിവാസി സമൂഹത്തിന്റെ നേതൃത്വത്തിലുള്ള ഇഡിസിയാണ് വഞ്ചിവയലിലേത്. കുരുമുളക് കൃഷി ചെയ്ത് വിപണനം നടത്തുന്ന വികസിത ഇക്കോ ഡെവലപ്‌മെന്റ് കമ്മിറ്റി മാതൃകയാണ് വഞ്ചിവയലിന്റെ പ്രത്യേകത. ഊരാളി ആദിവാസി സമൂഹമാണ് ഇവിടെ താമസിക്കുന്നത്.



ഊരാളി സമൂഹത്തെ പ്രതിനിധീകരിച്ച് രാധാകൃഷ്ണൻ നിലവിലെ ഇഡിസിയുടെ പ്രവർത്തനങ്ങൾ മന്ത്രിയോട് വിശദീകരിച്ചു. പ്രൊഫഷണൽ സ്റ്റോർ, കമ്മ്യൂണിറ്റി സെന്റർ, അങ്കണവാടി, ഹെൽത്ത് ക്ലിനിക്ക് എന്നിവ ഉന്നതിയിലെ സമൂഹത്തിന്റെ ആവശ്യങ്ങളാണെന്നും ഇവയ്ക്ക് പരിഹാരം കാണുമെന്നും മന്ത്രി അറിയിച്ചു.



ആദിവാസി സമൂഹത്തിന്റെ പങ്കാളിത്തത്തോടെ ട്രക്കിങ് ഉൾപ്പെടെയുള്ള വനയാത്രകൾ പരിമിതമായ രീതിയിൽ നടപ്പാക്കുന്നതിനെക്കുറിച്ചും ആലോചനയുണ്ടെന്ന് മന്ത്രി പറഞ്ഞു. ഊരുകളിൽ സഞ്ചരിക്കാൻ പ്രയാസമുള്ളവർക്ക് വീൽചെയറുകളും മന്ത്രി വിതരണം ചെയ്തു. ഏലക്ക മാല അണിയിച്ചാണ് ഉന്നതിയിലെ അംഗങ്ങൾ മന്ത്രിയെ സ്വീകരിച്ചത്.



അഡ്വ. സിറിയക് തോമസ് എം.എൽ.എ, അഴുത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു സന്തോഷ്, അഡീഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ഡോ. പ്രമോദ് ജി. കൃഷ്ണൻ, പെരിയാർ ടൈഗർ റിസർവ് ഫീൽഡ് ഡയറക്ടർ പി.പി. പ്രമോദ് തുടങ്ങിയവർ പങ്കെടുത്തു.