മുല്ലപ്പെരിയാർ ഡാം വിഷയത്തിലും മറ്റ് അന്തർസംസ്ഥാന നദീജല തർക്ക കേസുകളിലും സംസ്ഥാന സർക്കാരിനെ പ്രതിനിധീകരിക്കാൻ സ്പെഷ്യൽ കൗൺസിലായി നിയമിച്ചു. പ്രമുഖ അഭിഭാഷകൻ റോയ് എബ്രഹാമിനെയാണ് സ്‌പെഷ്യൽ കൗൺസിലായി നിയമിച്ചത്.
സുപ്രീം കോടതിയിലും വിവിധ ട്രിബ്യൂണലുകളിലും കേരളവുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന കേസുകളിൽ മുതിർന്ന അഭിഭാഷകൻ മോഹൻ കതാർക്കിക്കൊപ്പമായിരിക്കും റോയ് എബ്രഹാം ഹാജരാകുക. ഇതുസംബന്ധിച്ച് സംസ്ഥാന ജലവിഭവ വകുപ്പ് ഉത്തരവിറക്കി.
1992 മുതൽ സുപ്രീംകോടതിയിൽ പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകനാണ് റോയ് ഏബ്രഹാം. മുൻപ് സംസ്ഥാന സർക്കാരിന് വേണ്ടി ഹാജരായിരുന്ന അഡ്വ. ജി. പ്രകാശിന് പകരമാണ് പുതിയ നിയമനം എന്നാണ് ലഭിക്കുന്ന വിവരം.



