Header Banner
കരുതൽ അടുക്കള പദ്ധതിക്ക് തുടക്കമായി

കരുതൽ അടുക്കള പദ്ധതിക്ക് തുടക്കമായി

 


മലമ്പണ്ടാര ഗോത്രവിഭാഗത്തിന് ഇനി പോഷകാഹാരം ഉറപ്പ്; ‘കരുതൽ അടുക്കള’ പദ്ധതിക്ക് തുടക്കമായി




 


കുമളി: പോഷകാഹാരക്കുറവ് നേരിടുന്ന മലമ്പണ്ടാര ഗോത്രവിഭാഗത്തിന് തുണയായി കുമളി ഗ്രാമപഞ്ചായത്തിന്റെ അടിയന്തര ഇടപെടൽ. വള്ളക്കടവ് മേഖലയിൽ താമസിക്കുന്ന മലമ്പണ്ടാര വിഭാഗത്തിൽപ്പെട്ട കുടുംബങ്ങൾക്കായി പഞ്ചായത്തിന്റെ നേതൃത്വത്തിൽ ‘കമ്മ്യൂണിറ്റി കിച്ചൺ’ (കരുതൽ അടുക്കള) ആരംഭിച്ചു. മേഖലയിലെ ഒരു ഗോത്രബാലന് പോഷകാഹാരക്കുറവ് കണ്ടെത്തിയതിനെ തുടർന്നാണ് പഞ്ചായത്ത് ഭരണസമിതി ഈ മാതൃകാപരമായ പദ്ധതിയുമായി രംഗത്തിറങ്ങിയത്.കുട്ടികൾ ഉൾപ്പെടെ മുപ്പതംഗ മലമ്പണ്ടാര കുടുംബങ്ങൾക്കാണ് പദ്ധതിയിലൂടെ പോഷകസമൃദ്ധമായ ഭക്ഷണം ഉറപ്പാക്കുന്നത്. 



കമ്മ്യൂണിറ്റി കിച്ചണിന്റെ ഉദ്ഘാടനം കുമളി പഞ്ചായത്ത് പ്രസിഡന്റ് എം.എം. വർഗ്ഗീസിന്റെ നേതൃത്വത്തിലുള്ള ഭരണസമിതി നിർവ്വഹിച്ചു. ചോറ്, സാമ്പാർ, തോരൻ, മുട്ട എന്നിവയടങ്ങിയതായിരുന്നു ആദ്യദിനത്തിലെ ഉച്ചഭക്ഷണം. വരും ദിവസങ്ങളിൽ ആഴ്ചയിൽ ചീര, ചിക്കൻ, തൈര്, മീൻ തുടങ്ങിയ പോഷകാഹാരങ്ങൾ ഉൾപ്പെടുത്തി വിപുലമായ മെനുവാണ് ഇവർക്കായി തയ്യാറാക്കിയിട്ടുള്ളത്.വള്ളക്കടവ് പൊൻനഗർ കോളനിയിൽ വാടകയ്‌ക്കെടുത്ത വീട്ടിലാണ് നിലവിൽ ഭക്ഷണം പാകം ചെയ്യുന്നത്. പദ്ധതിയുടെ സുഗമമായ നടത്തിപ്പിനായി പഞ്ചായത്ത് ഭരണസമിതി ഈ വർഷത്തെ ബജറ്റിൽ പ്രത്യേക തുക വകയിരുത്തിയിട്ടുണ്ട്.



ഞായറാഴ്ച ഉച്ചയോടെ തയ്യാറാക്കിയ ആദ്യ ഭക്ഷണം ഇവർ താമസിക്കുന്ന വനം വകുപ്പിന്റെ ക്വാർട്ടേഴ്‌സിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും നേരിട്ടെത്തിച്ച് വിളമ്പി നൽകി. ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് എം.എം. വർഗ്ഗീസ്, വൈസ് പ്രസിഡന്റ് ഷക്കീല ടീച്ചർ, പഞ്ചായത്ത് സെക്രട്ടറി ആർ. അശോക് കുമാർ, വാർഡ് അംഗങ്ങളായ ബിജു ദാനിയേൽ, ഷൈലജ ഹൈദ്രോസ്, ഷാജി പൊന്നയ്യൻ, സന്തോഷ് ഉമ്മൻ, ലീനാ മനോജ്, വിനീത, ഷീബാറാണി, ട്രൈബൽ ഓഫീസർ സിജു ലൂക്കോസ്, സി.ഡി.എസ്. ചെയർപേഴ്‌സൺ ജയമോൾ മനോജ് എന്നിവരും പഞ്ചായത്ത് ജീവനക്കാരും പങ്കെടുത്തു. ഗോത്രവിഭാഗത്തിന്റെ ആരോഗ്യസംരക്ഷണം പൂർണ്ണമായി ഉറപ്പുവരുത്താൻ പദ്ധതി വരും ദിവസങ്ങളിലും തുടരുമെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു.