Header Banner
ഓണം ആഘോഷിക്കുബോൾ സഹപാഠിക്ക് വീട് ഒരുക്കി ഇടുക്കി ചെമ്മണാർ സെൻ്റ് സേവ്യേഴ്സ് ഹയർ സെക്കൻഡറി സ്കൂൾ

ഓണം ആഘോഷിക്കുബോൾ സഹപാഠിക്ക് വീട് ഒരുക്കി ഇടുക്കി ചെമ്മണാർ സെൻ്റ് സേവ്യേഴ്സ് ഹയർ സെക്കൻഡറി സ്കൂൾ


ഓണം ആഘോഷിക്കുമ്പോൾ ഒരു സഹപാഠിക്ക് സ്വന്തമായി ഒരു വീട് സമ്മാനിച്ച് മാതൃകയായിരിക്കുകയാണ് ഇടുക്കി ചെമ്മണ്ണാർ സെന്റ് സേവ്യേഴ്സ് ഹയർ സെക്കൻഡറി സ്കൂൾ.സ്കൂളിലെ അധ്യാപകരും വിദ്യാർത്ഥികളും വിവിധ സംഘടനകളും നാട്ടിലെ സുമനസ്സുകളും ഒരുമിച്ചപ്പോൾ പിറന്നത് ഏകദേശം എട്ട് ലക്ഷം രൂപ ചെലവിൽ ഒരു സ്നേഹഭവനം. ഓണത്തിന്റെ യഥാർത്ഥ സന്ദേശമായ പങ്കുവയ്ക്കലിനും കരുതലിനും പുതിയ അർത്ഥം നൽകുകയാണ് ഈ കൂട്ടായ്മ........



സഹപാഠിയുടെ വീടെന്ന സ്വപ്നത്തിന് കൈത്താങ്ങായി ഒരു വിദ്യാലയം മുഴുവൻ ഒന്നിച്ചപ്പോൾ, ഓണം വെറുമൊരു ആഘോഷമല്ലെന്നും അത് സ്നേഹത്തിന്റെയും പങ്കുവയ്ക്കലിന്റെയും ഉത്സവമാണെന്നും തെളിയിക്കുകയാണ് ചെമ്മണ്ണാർ സെന്റ് സേവ്യേഴ്സ് ഹയർ സെക്കൻഡറി സ്കൂൾ.ഏകദേശം എട്ട് ലക്ഷം രൂപ സമാഹരിച്ചാണ് ഭവനനിർമ്മാണം പൂർത്തിയാക്കിയത്.മാനേജ്മെന്റിന്റെയും സ്കൂൾ അധികൃതരുടെയും കൃത്യമായ ഇടപെടലും സഹകരണവും നിർമാണപ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിൽ നിർണായകമായി. ഓണസമ്മാനമായി ഒരുക്കിയ സ്നേഹഭവനത്തിന്റെ താക്കോൽദാനം സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു



സ്കൂൾ മാനേജർ റവ. ഫാ. ഫ്രാൻസിസ് ചുനയംമാക്കൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ രൂപത വിദ്യാഭ്യാസ സെക്രട്ടറി ഡോ. ജോർജ് തകിടിയേൽ,KCSL ഡയറക്ടർ ഫാ. ജിജോ മണ്ണുക്കുളത്ത്, സ്കൂൾ പ്രിൻസിപ്പാൾ അഗസ്റ്റിൻ എം. എ., അസിസ്റ്റന്റ് മാനേജർ റവ. ഫാ. പ്രിൻസ് പുളിയാങ്കൽ, വാർഡ് മെമ്പർ ജിമ്മി ജോർജ്, സ്കൂൾ ഹെഡ്മിസ്ട്രസ് റിനിമോൾ മാത്യു, തുടങ്ങിയവർ സംസാരിച്ചു.ഓണസന്ദേശം പ്രവൃത്തിയിലൂടെ സാർത്ഥകമാക്കിയ ഈ സ്നേഹഭവനം, വിദ്യാലയത്തിന്റെ കരുതലിന്റെ ഓർമ്മയായി ഇനി ഒരു കുടുംബത്തിന് തണലാകും.