Header Banner
ഡോ ശരണ്യയെ ഫോണിൽ വിളിച്ച് അഭിനന്ദിച്ചു ഡോ : കെ തുളസി

ഡോ ശരണ്യയെ ഫോണിൽ വിളിച്ച് അഭിനന്ദിച്ചു ഡോ : കെ തുളസി


തിരുവനന്തപുരം / ഇടുക്കി: ഊരാളി ഗോത്രവിഭാഗത്തിൽ നിന്നുള്ള ആദ്യ ഡോക്ടറായി സ്വന്തം നാട്ടിലെ ആശുപത്രിയിൽ തന്നെ സേവനമനുഷ്ഠിക്കാൻ തുടക്കമിട്ട ഡോ. ശരണ്യ മോഹനെ പട്ടികജാതി പട്ടികവർഗ്ഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി കെ.എ. തുളസി ടെലിഫോണിൽ വിളിച്ച് അഭിനന്ദനം അറിയിച്ചു.


ഇടുക്കി കണ്ണമ്പടി വനമേഖലയിൽ നിന്ന് പ്രതികൂല സാഹചര്യങ്ങളോട് പോരാടിയാണ് ശരണ്യ എം.ബി.ബി.എസ് ബിരുദം നേടിയത്. പട്ടികജാതി പട്ടികവർഗ്ഗ വികസന വകുപ്പിന്റെ മേൽനോട്ടത്തിലുള്ള പാലക്കാട് ഗവ. മെഡിക്കൽ കോളേജിൽ നിന്ന് ഒന്നാം ക്ലാസ്സോടെയാണ് ശരണ്യ വിജയിച്ചത്. വകുപ്പിന് കീഴിലുള്ള സ്ഥാപനത്തിൽ നിന്ന് ഉന്നത വിജയം നേടി സ്വന്തം ജനതയുടെ ഡോക്ടറായി മാറിയ ശരണ്യയുടെ വിജയം വകുപ്പിനും നാടിനും ഏറെ അഭിമാനകരമാണെന്ന് മന്ത്രി പറഞ്ഞു. ഗോത്രമേഖലയിലെ മറ്റ് വിദ്യാർത്ഥികൾക്ക് ഈ നേട്ടം വലിയ പ്രചോദനമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.



അടുത്ത തവണ ഇടുക്കിയിൽ എത്തുമ്പോൾ ശരണ്യയെ നേരിട്ട് സന്ദർശിക്കുമെന്ന് മന്ത്രി അറിയിച്ചു. ശരണ്യയുടെ മാതാപിതാക്കളോടും സംസാരിച്ച മന്ത്രി സന്തോഷം പങ്കുവെച്ചു. വഴിപോലുമില്ലാത്ത കണ്ണമ്പടി വനമേഖലയിൽ നിന്നാണ് ശരണ്യ പഠിച്ചുവളർന്നത്. വനത്തിനുള്ളിലെ പുന്നപ്പാറ ഊരിൽ കണ്ടത്തിൻകര കെ.എൻ. മോഹനന്റെയും മിനിമോളുടെയും ഏകമകളാണ്. 



പി.എസ്.സി റാങ്ക് ലിസ്റ്റിലൂടെ സ്വന്തം നാടായ ഉപ്പുതറ സി.എച്ച്.സിയിലെഅസിസ്റ്റന്റ് സർജനായി ചുമതലയേറ്റ ഡോ. ശരണ്യയ്ക്ക് മന്ത്രി എല്ലാവിധ ഭാവി ആശംസകളും നേർന്നു