വൻതോതിൽ സാധനങ്ങൾ സ്റ്റോക്ക് ചെയ്ത ജില്ലയിലെ ഗ്രാമീണമേഖലയിലെ വ്യാപാര സ്ഥാപനങ്ങൾക്ക് തിരിച്ചടി. ഓണം മുന്നിൽക്കണ്ട് ലക്ഷക്കണക്കിന് രൂപയുടെ സാധനങ്ങൾ സംഭരിച്ചെങ്കിലും പ്രതീക്ഷിച്ച കച്ചവടം നടന്നില്ല. വലിയ ടൗണുകളിലേക്ക് ആളുകൾ കൂടുതലായി പോയതും തുടർച്ചയായ മഴയും ഓൺലൈൻ വ്യാപാരത്തോടുള്ള വർധിച്ച ആശ്രയവുമാണ് ഗ്രാമീണ വ്യാപാരമേഖലയിലെ പ്രതിസന്ധിക്ക് കാരണമായത്.
ഓണം എത്തിയതോടെ കച്ചവടം പൊടിപൊടിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ജില്ലയിലെ ഗ്രാമീണമേഖലയിലെ വ്യാപാരികൾ. വസ്ത്രങ്ങൾ, ചെരുപ്പുകൾ, വീട്ടുപകരണങ്ങൾ, പലചരക്ക് ഉൾപ്പെടെയുള്ള സാധനങ്ങൾ വൻതോതിൽ മുൻകൂട്ടി സ്റ്റോക്ക് ചെയ്തു.എന്നാൽ പ്രതീക്ഷിച്ച രീതിയിൽ ഉപഭോക്താക്കൾ എത്തിയില്ല. ഓണക്കാല ഷോപ്പിങ്ങിനായി ആളുകൾ സമീപത്തെ ഗ്രാമീണ വിപണികളെക്കാൾ വലിയ ടൗണുകളെയാണ് കൂടുതലായി ആശ്രയിച്ചത്.
ഇതിനിടെ തുടർച്ചയായി പെയ്ത മഴയും വ്യാപാരത്തെ സാരമായി ബാധിച്ചു. മഴ കാരണം ആളുകൾ പുറത്തിറങ്ങുന്നത് കുറഞ്ഞതോടെ ഗ്രാമീണ കടകളിലെത്തുന്ന ഉപഭോക്താക്കളുടെ എണ്ണത്തിലും വലിയ കുറവാണ് ഉണ്ടായത്
ഓൺലൈൻ വ്യാപാരത്തോടുള്ള ആളുകളുടെ വർധിച്ച താൽപര്യവും പരമ്പരാഗത വ്യാപാരികൾക്ക് തിരിച്ചടിയായി. ഓഫറുകളും വിലക്കുറവുകളും ഉൾപ്പെടെ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലെ സൗകര്യങ്ങൾ ഉപഭോക്താക്കളെ ആകർഷിച്ചതോടെ ഗ്രാമീണ വ്യാപാര സ്ഥാപനങ്ങളിലെ കച്ചവടം കൂടുതൽ മന്ദഗതിയിലായി.



