പൂട്ടിക്കിടക്കുന്ന തോട്ടം തൊഴിലാളികൾക്ക് സർക്കാർ അനുവദിച്ച ഓണക്കിറ്റും ഓണ അലവൻസുമാണ് തൊഴിലാളികൾക്ക് ആശ്വാസമായത്.
പീരുമേട് മേഖലയിലെ പൂട്ടിക്കിടക്കുന്ന തോട്ടങ്ങളിലെ തൊഴിലാളികൾക്കാണ് സംസ്ഥാന സർക്കാർ 2,000 രൂപ ഉത്സവ അലവൻസും 1,000 രൂപ വിലവരുന്ന കിറ്റും വിതരണം ചെയ്യുവാൻ തീരുമാനിച്ചത്.
പീരുമേട് എംഎൽഎ സിറിയക് തോമസ് തൊഴിൽ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണയുമായി നിരന്തരം ബന്ധപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഈ ആനുകൂല്യങ്ങൾ സമയബന്ധിതമായി നൽകുവാൻ തീരുമാനിച്ചത്.
മുൻവർഷം ഈ ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് താമസം നേരിട്ടിരുന്നു. തൊഴിലാളികളുടെ ഭാഗത്തുനിന്ന് ശക്തമായ എതിർപ്പ് ഉയർന്നതിന്റെ അടിസ്ഥാനത്തിൽ ഓണം കഴിഞ്ഞാണ് ഈ ആനുകൂല്യങ്ങൾ ലഭിച്ചത്.
എന്നാൽ, ഈ വീഴ്ച ഇത്തവണ ഉണ്ടാകരുതെന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ സർക്കാർ അധികാരത്തിൽ എത്തിയപ്പോൾ തന്നെ മുഖ്യമന്ത്രി വി.ഡി. സതീശനോടും മന്ത്രി ബിന്ദു കൃഷ്ണയോടും അനൂപ് ജേക്കബിനോടും ഇക്കാര്യങ്ങൾ ശ്രദ്ധയിൽപ്പെടുത്തുകയും നിരന്തരം ഇടപെടൽ നടത്തുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിൽ തൊഴിലാളികളുടെ ബാങ്ക് അക്കൗണ്ടിൽ 2,000 രൂപ അലവൻസ് ലഭിക്കും. 1,000 രൂപയുടെ കിറ്റ് സപ്ലൈകോ വഴിയാണ് വിതരണം ചെയ്യുന്നത്. ഇതിനായി സമീപത്തെ സപ്ലൈകോ ഔട്ട്‌ലെറ്റുകളിൽ കിറ്റുകൾ എത്തിക്കുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി സപ്ലൈകോ അധികൃതർ അറിയിച്ചു.
കിറ്റുകൾ ലഭിക്കുന്നതിനുള്ള കൂപ്പണുകൾ പൂട്ടിക്കിടക്കുന്ന തോട്ടങ്ങളിൽ ലേബർ വകുപ്പ് അധികൃതർ നേരിട്ടെത്തി വിതരണം ചെയ്തു.
രാവിലെ ചീന്തലാർ പുതുക്കടയിൽ വെച്ച് എംഎൽഎ അഡ്വ. സിറിയക് തോമസ് തൊഴിലാളികൾക്ക് കൂപ്പണുകൾ വിതരണം ചെയ്തു.
ജില്ലാ ലേബർ ഓഫീസർ കെ.എം. സ്മിത, ഐ.പി. ബിസ്മി, പി.എം. പഞ്ചായത്ത് പ്രസിഡന്റ് ഷീല രാജൻ, ജനപ്രതിനിധികളായ ടോണി തോമസ്, ജോർജ് കുറുമ്പുറം, ഓമന സോദരൻ, രമണി രൂപേഷ്, ജി. മുരുകയ്യ, ശിവൻകുട്ടി, ജി. രാജാരത്തിനം, വിജി, ജോളി, രാഷ്ട്രീയ പാർട്ടി ഭാരവാഹികളായ വി.എസ്. ഷാൽ, പി. അർജുനൻ, സുരേഷ് ബാബു, പി. നിക്സൻ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.





