Header Banner
ഉപ്പുതറ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ കെഎസ്ഇബി ഓഫീസ് ഉപരോധിച്ചു.

ഉപ്പുതറ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ കെഎസ്ഇബി ഓഫീസ് ഉപരോധിച്ചു.

 


കഴിഞ്ഞ ദിവസങ്ങളിലെ കനത്ത മഴയിൽ ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായ ഉപ്പുതറ പഞ്ചായത്തിലെ വിവിധ വാർഡുകളിൽ, പ്രത്യേകിച്ച് ചപ്പാത്ത് പ്രദേശത്ത് വൈദ്യുതി എത്തിക്കാൻ തയ്യാറാകാത്ത കെഎസ്ഇബി ഉദ്യോഗസ്ഥരുടെ ധിക്കാരപരമായ നടപടിക്കെതിരെയാണ് ഓഫീസ് ഉപരോധം നടന്നത്.

മുല്ലപ്പെരിയാറിന്റെ തീരപ്രദേശവും ജലനിരപ്പ് ഉയരുമ്പോൾ ആദ്യം വെള്ളം കയറുന്ന സ്ഥലവുമാണ് ചപ്പാത്ത്.

കഴിഞ്ഞ ദിവസത്തെ മഴയിൽ ചപ്പാത്ത് അമ്പലം ഉൾപ്പെടെ നിരവധി വീടുകളിലും വെള്ളം കയറിയിരുന്നു.

ഇവിടെ സ്ട്രീറ്റ് ലൈറ്റുകൾ സ്ഥാപിക്കണമെന്ന് പലതവണ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടും തിരിഞ്ഞുനോക്കാൻ തയ്യാറായില്ലെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഷീലാ രാജൻ പറഞ്ഞു.



അടിയന്തര സാഹചര്യം ഉണ്ടാകുമ്പോൾ വൈദ്യുതി വകുപ്പ് ആവശ്യമായ നടപടികൾ മുൻകൂട്ടി സ്വീകരിക്കാറുണ്ടായിരുന്നു. പഞ്ചായത്ത് സ്ട്രീറ്റ് ലൈറ്റുകൾ വാങ്ങി നൽകാമെന്ന് അറിയിച്ചിട്ടും അവ സ്ഥാപിക്കാൻ ഉദ്യോഗസ്ഥർ തയ്യാറായില്ലെന്ന് വാർഡ് അംഗം ശിവൻകുട്ടി പറഞ്ഞു.



ഇതിനെതിരെയാണ് കക്ഷിരാഷ്ട്രീയത്തിന് അതീതമായി ജനപ്രതിനിധികൾ കെഎസ്ഇബി ഓഫീസ് ഉപരോധിച്ചത്.

ചൊവ്വാഴ്ച വൈദ്യുതി എത്തിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കാമെന്ന ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് സമരം അവസാനിപ്പിച്ചത്.



വൈദ്യുതി വകുപ്പിലെ ഉദ്യോഗസ്ഥർ പഞ്ചായത്തംഗങ്ങളോട് യാതൊരു മര്യാദയും പാലിക്കാറില്ലെന്നും അവർ ആരോപിച്ചു.

വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥരുടെ ധിക്കാരപരമായ സമീപനവും പൊതുജനങ്ങളോട് മാന്യതയില്ലാത്ത പെരുമാറ്റവും കാരണം മുൻപും പലതവണ ഇവിടെ ജനങ്ങൾ സമരം നടത്തിയിട്ടുണ്ടെന്നും അവർ പറഞ്ഞു.