Header Banner
ലേബർ കോഡുകൾ കോർപ്പറേറ്റുകളെ സഹായിക്കാൻ; പിൻവലിക്കണമെന്ന് ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ..

ലേബർ കോഡുകൾ കോർപ്പറേറ്റുകളെ സഹായിക്കാൻ; പിൻവലിക്കണമെന്ന് ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ..

 


കുമളി: കേന്ദ്ര സർക്കാർ രാജ്യവ്യാപകമായി നടപ്പിലാക്കിയ പുതിയ നാല് ലേബർ കോഡുകൾ പൂർണ്ണമായും തൊഴിലാളി വിരുദ്ധമാണെന്നും അവ ഉടൻ പിൻവലിക്കണമെന്നും ഐഎൻടിയുസി  സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ ആവശ്യപ്പെട്ടു.   പ്ലാൻ്റേഷൻ തൊഴിലാളി സംഗമവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.തൊഴിലാളികൾ പതിറ്റാണ്ടുകളായി പോരാടി നേടിയെടുത്ത അവകാശങ്ങളും സംഘടനാ സ്വാതന്ത്ര്യവും കവർന്നെടുക്കുന്നതാണ് പുതിയ നിയമങ്ങൾ. കോർപ്പറേറ്റുകൾക്ക് എപ്പോൾ വേണമെങ്കിലും തൊഴിലാളികളെ പിരിച്ചുവിടാനുള്ള 'ഹയർ ആൻഡ് ഫയർ' അധികാരം നൽകുന്നതിലൂടെ രാജ്യം വലിയൊരു തൊഴിൽ അനിശ്ചിതത്വത്തിലേക്ക് നീങ്ങുകയാണ്. പണിമുടക്കാനും പ്രതിഷേധിക്കാനുമുള്ള ജനാധിപത്യപരമായ അവകാശങ്ങൾ പോലും കഠിനമായ നിബന്ധനകളിലൂടെ തടസ്സപ്പെടുത്തുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.



തോട്ടം മേഖലയിലെ തൊഴിലാളികളുടെ അവകാശങ്ങൾ ഇല്ലാതാക്കുന്ന ഈ നിയമങ്ങൾക്കെതിരെ ഐഎൻടിയുസി ദേശീയ-സംസ്ഥാന തലങ്ങളിൽ ശക്തമായ പ്രക്ഷോഭങ്ങൾ തുടരുമെന്നും ചന്ദ്രശേഖരൻ വ്യക്തമാക്കി. ചരിത്രപരമായ തൊഴിലുറപ്പ് നിയമം റദ്ദാക്കി കേന്ദ്രം കൊണ്ടുവന്ന പുതിയ വിബിജി റാംജി  നിയമം ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെ പൂർണ്ണമായും അട്ടിമറിക്കുന്നതാണ്. ബയോമെട്രിക്, ഡിജിറ്റൽ ഹാജർ സംവിധാനങ്ങൾ വഴി സാധാരണക്കാരായ തൊഴിലാളികളുടെ വേതനം നഷ്ടപ്പെടുത്തുകയാണെന്നും സംസ്ഥാനങ്ങൾക്ക് മേൽ അധിക സാമ്പത്തിക ഭാരം അടിച്ചേൽപ്പിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.



നെഹ്‌റു പൈതൃകത്തെ ബിജെപി ഭയക്കുന്നു: ആധുനിക ഇന്ത്യയുടെ ശില്പിയായ ജവഹർലാൽ നെഹ്‌റുവിന്റെ ചരിത്രപരമായ സംഭാവനകളെയും മതേതര പൈതൃകത്തെയും ബിജെപി ഭയപ്പെടുകയാണ്. ചരിത്രതിത്തലെന്ന പേരിൽ നെഹ്‌റുവിന്റെ പേര് മാറ്റാനും അദ്ദേഹത്തെ ചരിത്രത്തിൽ നിന്ന് തുടച്ചുനീക്കാനുമാണ് ബിജെപി ശ്രമം എന്നും അദ്ദേഹം പറഞ്ഞു പ്ലാൻ്റേഷൻ ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റും മുൻ എം.എൽ.എയുമായ പി.ജെ. ജോയി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഇടുക്കി ജില്ലയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളായ എം.എൽ.എമാർ റോയ് കെ. പൗലോസ്, അഡ്വ. സിറിയക് തോമസ്, അഡ്വ. സേനാപതി വേണു, എഫ്. രാജ എന്നിവർക്ക് സമ്മേളനത്തിൽ ഹാർദ്ദവമായ സ്വീകരണം നൽകി.

തേയില, ഏലം, റബ്ബർ, കാപ്പി തോട്ടങ്ങളിലെ തൊഴിലാളികൾ നേരിടുന്ന കടുത്ത പ്രതിസന്ധികളും, പ്ലാൻ്റേഷൻ ലേബർ ആക്ട് പ്രകാരം അവർക്ക് ലഭിച്ചുവരുന്ന പാർപ്പിടം, സൗജന്യ ചികിത്സ, കുടിവെള്ളം തുടങ്ങിയ അടിസ്ഥാന അവകാശങ്ങൾ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും സമ്മേളനം ചർച്ച ചെയ്തു. തോട്ടം മേഖലയിലെ പ്രതിസന്ധികൾ പരിഹരിക്കുന്നതിനായി രൂപീകരിച്ച പ്രത്യേക നിർദ്ദേശങ്ങൾ സംസ്ഥാന സർക്കാരിന് സമർപ്പിക്കാനും യോഗത്തിൽ എംഎൽഎന്മാർക്ക് കൈമാറി മുൻ എം.എൽ.എമാരായ അഡ്വ. ഇ.എം. ആഗസ്തി, എ.കെ. മണി, നേതാക്കളായ  പി.ആർ. അയ്യപ്പൻ, മലയാളപ്പുഴ ജ്യോതിഷ്കുമാർ, വി.ആർ. പ്രതാപൻ, പി.പി. ആലി, ജി. മുനിയാണ്ടി, ഡി. കുമാർ, പി. വി. നിക്സൺ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു. ഐഎൻപിഡബ്ല്യുഎഫ് സംസ്ഥാന സെക്രട്ടറിമാരായ പി.കെ. രാജൻ, രാജു ബേബി എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.