പാപ്പൻസ് ഹോട്ടലിന് സമീപം വാഴത്തോപ്പ് ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള ബസ് കാത്തിരിപ്പ് കേന്ദ്രമുണ്ടെങ്കിലും യാത്രക്കാർക്ക് പ്രയോജനം ലഭിക്കുന്നില്ലെന്ന് പരാതി. അനധികൃത പാർക്കിംഗ് മൂലം ബസ് കാത്തിരിപ്പ് കേന്ദ്രത്തിനുള്ളിലേക്ക് യാത്രക്കാർക്ക് പ്രവേശിക്കാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. ഇതുമൂലം ബസുകൾ ദൂരെ നിർത്തി യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്യുകയാണെന്ന് വ്യാപാരികൾ പറയുന്നു.
ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് മുന്നിൽ ബസുകൾ നിർത്തി യാത്രക്കാരെ കയറ്റുകയോ ഇറക്കുകയോ ചെയ്യുന്നില്ലെന്നാണ് ആരോപണം. കെ.എസ്.ആർ.ടി.സി. ബസുകളും സ്വകാര്യ ബസുകളും ഉൾപ്പെടെ നിലവിൽ വാഴത്തോപ്പ് കവലയിൽ നിന്നാണ് യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്യുന്നത്. ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ നിന്ന് ഏകദേശം 50 മീറ്റർ മാത്രം അകലെയാണ് ഈ സ്ഥലം.
ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് മുന്നിൽ അനധികൃതമായി നിരവധി വാഹനങ്ങൾ പാർക്ക് ചെയ്യുന്നതാണ് ബസുകൾക്ക് ഇവിടെ എത്താൻ കഴിയാത്തതിന് പ്രധാന കാരണമെന്നാണ് പറയപ്പെടുന്നത്. വാഹനങ്ങൾ മാറ്റി ബസുകൾക്ക് കാത്തിരിപ്പ് കേന്ദ്രത്തിന് മുന്നിലേക്ക് എത്താനുള്ള സൗകര്യം ഒരുക്കണമെന്നാണ് ആവശ്യം.
ചെറുതോണിയിലെ അനധികൃത പാർക്കിംഗ് നിയന്ത്രിക്കുന്നതിനായി വാഴത്തോപ്പ് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി രൂപീകരിച്ചിരുന്നു. ആഗസ്റ്റ് ഒന്ന് മുതൽ അനധികൃത പാർക്കിംഗ് നിരോധിച്ചതായി പഞ്ചായത്ത് അധികൃതർ വാർത്താസമ്മേളനത്തിലൂടെ അറിയിക്കുകയും ചെയ്തു. എന്നാൽ പ്രഖ്യാപനത്തിനപ്പുറം കാര്യമായ നടപടികൾ ഉണ്ടായിട്ടില്ലെന്നാണ് വ്യാപാരികളും നാട്ടുകാരും പറയുന്നത്.
അനധികൃത പാർക്കിംഗ് തുടരുന്നതിനാൽ ചെറുതോണി ടൗണിൽ ഗതാഗതക്കുരുക്കും രൂക്ഷമാണ്. ബസ് കാത്തിരിപ്പ് കേന്ദ്രം ഉണ്ടായിട്ടും യാത്രക്കാർ റോഡരികിൽ ബസ് കാത്തുനിൽക്കേണ്ട സാഹചര്യം ഒഴിവാക്കാൻ അധികൃതർ അടിയന്തരമായി ഇടപെടണമെന്നാണ് വ്യാപാരികളുടെ ആവശ്യം.





