പ്രദേശത്തെ സാധാരണക്കാരായ തോട്ടം തൊഴിലാളികളുടെയും കൂലിപ്പണിക്കാരുടെയും മക്കൾ ഉൾപ്പെടെ പഠിക്കുന്ന വാഗമൺ ഗവ. ഹയർ സെക്കൻഡറി സ്കൂളിന് നേരെ വീണ്ടും സാമൂഹ്യവിരുദ്ധരുടെ ക്രൂരത.
ഓണം അവധിക്ക് സ്കൂൾ അടച്ച സമയത്ത് ഗ്രില്ലും പെൺകുട്ടികളുടെ ശുചിമുറിയുടെ വാതിലുകളും തകർത്ത അക്രമികൾ അകത്തുണ്ടായിരുന്ന സ്റ്റീൽ ടാപ്പുകൾ മോഷണം നടത്തി.
ഇതോടെ നൂറിലധികം പെൺകുട്ടികൾ ഉൾപ്പെടെയുള്ള വിദ്യാർഥികൾക്ക് ശുചിമുറി ഉപയോഗിക്കാൻ കഴിയാത്ത അവസ്ഥയായി. ഇത് ആദ്യമായല്ല ഈ സ്കൂളിന് നേരെ അക്രമം നടക്കുന്നത്. കഴിഞ്ഞ വർഷം സ്കൂളിലെ കുടിവെള്ള പൈപ്പുകൾ രണ്ടുതവണ കത്തിച്ചിരുന്നു. നിലവിൽ പണം കൊടുത്ത് വാങ്ങുന്ന വെള്ളമാണ് ഇവിടെ ഉപയോഗിക്കുന്നത്.
സ്കൂൾ കോമ്പൗണ്ടിൽ ഹോട്ടൽ മാലിന്യം തള്ളുന്നതും മദ്യക്കുപ്പികൾ എറിയുന്നതും പതിവാണ്. താൽക്കാലിക പരിഹാരമായി അധ്യാപകർ മുൻകൈയെടുത്ത് പുതിയ ടാപ്പുകൾ സ്ഥാപിച്ചെങ്കിലും അധികൃതരുടെ അനാസ്ഥയിൽ വലിയ പ്രതിഷേധമുണ്ട്.
അതേസമയം, സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും കുറ്റക്കാരെ വേഗത്തിൽ പിടികൂടുമെന്നും വാഗമൺ സി.ഐ. അറിയിച്ചു. സ്കൂളിന് സ്ഥിരം സുരക്ഷ ഉറപ്പാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.





