ഇടുക്കി ജില്ലയിലെ രാജാക്കാട് സമീപം കൊച്ചുമുല്ലക്കാനത്ത് ഓട്ടോറിക്ഷ ഓടിച്ച് കുടുംബം പുലർത്തുന്ന ചൂഴിക്കരയിൽ രാജേഷിന്റെ ഓട്ടോറിക്ഷയ്ക്ക് മൂന്ന് തവണ അജ്ഞാതർ തീയിട്ട സംഭവത്തിൽ അന്വേഷണം നിലച്ചതായി പരാതി. സംഭവങ്ങളുടെ പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്താൻ ഇതുവരെ പോലീസിന് കഴിഞ്ഞിട്ടില്ലെന്നാണ് രാജേഷും കുടുംബവും ആരോപിക്കുന്നത്.
സ്വന്തം വീട്ടിലേക്ക് ഓട്ടോറിക്ഷ എത്തിക്കാൻ സൗകര്യമില്ലാത്തതിനാൽ സമീപത്തെ ഒരു വീട്ടുമുറ്റത്താണ് രാജേഷ് പതിവായി വാഹനം പാർക്ക് ചെയ്തിരുന്നത്. 2024 നവംബർ 14-ന് രാത്രി ഏകദേശം 9 മണിയോടെയാണ് ഓട്ടോറിക്ഷയ്ക്ക് അജ്ഞാതർ തീയിട്ടതായി വിവരം ലഭിക്കുന്നത്. സംഭവത്തിൽ രാജാക്കാട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
തുടർന്ന് പോലീസിന്റെ നിർദേശപ്രകാരം സി.സി.ടി.വി. ക്യാമറ സ്ഥാപിച്ചു. എന്നാൽ 2025 ആഗസ്റ്റ് 13-ന് അർധരാത്രിയോടെ വീണ്ടും അജ്ഞാതൻ എത്തി വൈദ്യുതി ബന്ധം വിച്ഛേദിച്ച ശേഷം ഓട്ടോറിക്ഷയ്ക്ക് തീയിട്ടു. ദൃശ്യങ്ങൾ വ്യക്തമായില്ലെന്ന് വിലയിരുത്തിയ പോലീസ്, സോളാർ സംവിധാനത്തിലുള്ള ക്യാമറ സ്ഥാപിക്കാൻ നിർദേശിച്ചു. അതനുസരിച്ച് പുതിയ ക്യാമറയും സ്ഥാപിച്ചു.
എന്നാൽ 2025 ഡിസംബർ 17-ന് പുലർച്ചെ ഏകദേശം ഒരു മണിയോടെ മൂന്നാം തവണയും അജ്ഞാതൻ എത്തി ഓട്ടോറിക്ഷയ്ക്ക് തീയിട്ടു. വിവരമറിഞ്ഞ് രാജാക്കാട് പോലീസും ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. മൂന്നാമത്തെ സംഭവത്തിൽ കുട ചൂടിയും കോട്ട് ധരിച്ചും എത്തിയ പ്രതിയുടെ ദൃശ്യങ്ങൾ സി.സി.ടി.വി.യിൽ വ്യക്തമായി പതിഞ്ഞിട്ടുണ്ടെന്ന് പോലീസ് അറിയിച്ചിരുന്നുവെന്നാണ് രാജേഷ് പറയുന്നത്.
എന്നാൽ മാസങ്ങൾ കഴിഞ്ഞിട്ടും അന്വേഷണത്തിൽ യാതൊരു പുരോഗതിയും ഉണ്ടായിട്ടില്ലെന്നാണ് രാജേഷിന്റെ ആരോപണം. പ്രതിയെ തിരിച്ചറിയാൻ സഹായിക്കുന്ന ദൃശ്യങ്ങളും മറ്റ് തെളിവുകളും ഉണ്ടായിട്ടും അന്വേഷണം മുന്നോട്ടുപോകാത്തത് ദുരൂഹമാണെന്നും അന്വേഷണം അട്ടിമറിക്കാൻ ആരുടെയെങ്കിലും ഇടപെടൽ ഉണ്ടായിട്ടുണ്ടോയെന്ന് സംശയിക്കുന്നതായും രാജേഷ് പറയുന്നു.
തുടർച്ചയായ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ സുരക്ഷാ കാരണങ്ങളാൽ മൂന്നാമത്തെ സംഭവത്തിന് ശേഷം രാജേഷ് തന്റെ ഓട്ടോറിക്ഷ രാജാക്കാട് പോലീസ് സ്റ്റേഷൻ പരിസരത്താണ് പാർക്ക് ചെയ്യുന്നത്.
രാജേഷും ഭാര്യയും അമ്മയും നിലവിൽ കടുത്ത മാനസിക സമ്മർദ്ദത്തിലാണ് കഴിയുന്നത്. ജീവനും സ്വത്തിനും ഭീഷണിയുണ്ടെന്ന ആശങ്കയും കുടുംബം പങ്കുവയ്ക്കുന്നു. പ്രദേശത്ത് അക്രമ സംഭവങ്ങൾ ആവർത്തിക്കുന്ന സാഹചര്യത്തിൽ നാട്ടുകാരും ഭീതിയിലാണ്. ഓട്ടോറിക്ഷയ്ക്ക് മൂന്ന് തവണ തീയിട്ട സംഭവത്തിൽ സമഗ്രവും സുതാര്യവുമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്നാണ് കുടുംബത്തിന്റെയും പ്രദേശവാസികളുടെയും ആവശ്യം.







