Header Banner
അലഞ്ഞു തിരിയുന്ന കന്നുകാലികളെ പിടിച്ചു കെട്ടി കുമളി പഞ്ചായത്ത്

അലഞ്ഞു തിരിയുന്ന കന്നുകാലികളെ പിടിച്ചു കെട്ടി കുമളി പഞ്ചായത്ത്

നിയമം ലംഘിച്ചാൽ : വൻ തുക പിഴ, ഒടുവിൽ ലേലവും കുമളി: കുമളി ടൗണിലും പരിസരപ്രദേശങ്ങളിലും കന്നുകാലികൾ അലഞ്ഞുതിരിഞ്ഞു നടക്കുന്നത് മൂലം പൊതുജനങ്ങൾക്കും വാഹനയാത്രക്കാർക്കും വിനോദസഞ്ചാരികൾക്കും ഉണ്ടാകുന്ന വലിയ ബുദ്ധിമുട്ടുകൾക്ക് പരിഹാരം കാണാനാണ് പഞ്ചായത്തിന്റെ ഈ കർശന തീരുമാനം. പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമായ കുമളി സന്ദർശിക്കാൻ ദിവസേന നിരവധി വിദേശികളും സ്വദേശികളുമായ സഞ്ചാരികളാണ് എത്തുന്നത്. കന്നുകാലികൾ റോഡിൽ തമ്പടിക്കുന്നത് മൂലം ടൗണിൽ നിരന്തരം ഗതാഗതക്കുരുക്കും അപകടങ്ങളും ഉണ്ടാകുന്നത് പതിവായിരുന്നു. ഇതിന് പുറമെ ടൗണിലെ കച്ചവട സ്ഥാപനങ്ങളിലെ സാധനങ്ങൾ നശിപ്പിക്കുന്നതും വഴയാത്രക്കാർക്കും വിനോദസഞ്ചാരികൾക്കും നേരെ തിരിയുന്നതും വ്യാപകമായ പരാതികൾക്ക് ഇടയാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് കുമളി പഞ്ചായത്ത് അധികൃതർ ശക്തമായ നടപടികളിലേക്ക് കടന്നത്.കുമളി ടൗണിലും പരിസര പ്രദേശങ്ങളിലും അലഞ്ഞുതിരിഞ്ഞു നടന്ന കന്നുകാലികളെ കഴിഞ്ഞ ദിവസം പഞ്ചായത്ത് അധികൃതർ പ്രത്യേക സ്ക്വാഡ് രൂപീകരിച്ച് പിടികൂടി.
തുടർന്ന് കന്നുകാലികളുടെ ഉടമസ്ഥരെത്തിയതോടെ പഞ്ചായത്ത് പിഴ ഈടാക്കിയ ശേഷമാണ് ഇവയെ വിട്ടുകൊടുത്തത്. ടൗണിൽ അലഞ്ഞുനടക്കുന്ന കന്നുകാലികളെ പിടികൂടുന്നതിനുള്ള നടപടികൾ സ്വീകരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് 2015-ൽ കുമളി പഞ്ചായത്ത് പൗണ്ടിന്റെ നിർമ്മാണം പൂർത്തിയാക്കിയതെങ്കിലും പ്രവർത്തനമാരംഭിക്കാത്തത് വലിയ ജനരോഷത്തിനും വിമർശനങ്ങൾക്കും ഇടയാക്കിയിരുന്നു. തുടർന്ന് ജനപ്രതിനിധികളുടെയും വ്യാപാരികളുടെയും നിരന്തരമായ ആവശ്യപ്രകാരം 2023 ജൂണിലാണ് ഇത് പൂർണ്ണമായും പ്രവർത്തനക്ഷമമാക്കിയത്.ടൗണിലും പരിസരപ്രദേശങ്ങളിലും കന്നുകാലികളെ തോന്നിയതുപോലെ തുറന്നുവിടുന്നവർക്ക് ഇനി കന്നുകാലികളെ തിരിച്ചുകിട്ടാൻ വലിയ തുക പിഴയായി നൽകേണ്ടി വരും. അലഞ്ഞുതിരിഞ്ഞു നടക്കുന്ന കന്നുകാലികളെ പിടികൂടി പൗണ്ടിൽ കൊണ്ടുവന്നു കെട്ടിയാൽ ഉടമസ്ഥരിൽ നിന്ന് പ്രതിദിനം 2000 രൂപ വെച്ച് പിഴ ഈടാക്കും. ഏഴ് ദിവസത്തിനുള്ളിൽ കന്നുകാലികളെ തേടി ഉടമസ്ഥർ എത്തിയില്ലെങ്കിൽ മറ്റു നിയമനടപടികൾ പൂർത്തിയാക്കി പരസ്യമായി ലേലം ചെയ്യുവാനാണ് പഞ്ചായത്തിന്റെ തീരുമാനം. ടൗണിന്റെ സുരക്ഷിതത്വവും ശുചിത്വവും ഉറപ്പാക്കാൻ ഇത്തരം കർശന നടപടികളുമായി മുന്നോട്ട് പോകുമെന്ന് പഞ്ചായത്ത് അധികൃതർ വ്യക്തമാക്കി.