Header Banner
പഞ്ചായത്ത് റോഡ് കൈയേറി കെട്ടിടവും കല്ലറയും നിർമ്മിച്ചെന്ന ആരോപണവുമായി കത്തിപാറതടം സെൻ്റ് ജോർജ് യാക്കോബായ ചർച്ച്

പഞ്ചായത്ത് റോഡ് കൈയേറി കെട്ടിടവും കല്ലറയും നിർമ്മിച്ചെന്ന ആരോപണവുമായി കത്തിപാറതടം സെൻ്റ് ജോർജ് യാക്കോബായ ചർച്ച്

ഇടുക്കി കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തിൽ പഞ്ചായത്ത് റോഡ് കൈയേറി കെട്ടിടവും കല്ലറയും നിർമിച്ചെന്ന ഗുരുതര ആരോപണവുമായി കത്തിപ്പറത്തടം സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളി കോടതി, ജില്ലാ കളക്ടർ എന്നിവരുടെ ഉത്തരവുകൾ പോലും അവഗണിച്ചാണ് അനധികൃത നിർമാണം നടന്നതെന്നാണ് ആരോപണം ഉയരുന്നത്. കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തിലെ കത്തിപ്പാറത്തടം സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളി വക വസ്തുവിലൂടെ കടന്നുപോകുന്ന പഞ്ചായത്തിന്റെ അഞ്ചുകുടി–കത്തിപ്പാറത്തടം–പാൽക്കുളംമേട് ടൂറിസ്റ്റ് കേന്ദ്രത്തിലേക്കുള്ള റോഡ് കൈയേറി കെട്ടിടനിർമാണവും കല്ലറ നിർമാണവും നടത്തിയെന്നാണ് പരാതി
കോടതിയുടെയും ജില്ലാ കളക്ടറുടെയും ഉത്തരവുപ്രകാരം പഞ്ചായത്ത് ചെലവിൽ അളന്ന് സ്ഥാപിച്ച വാർക്ക പോസ്റ്റുകൾ നശിപ്പിച്ചശേഷമാണ് മുൻകൂട്ടി തയ്യാറാക്കിയ പദ്ധതിയുടെ ഭാഗമായി ഗ്രാനൈറ്റ് ഉപയോഗിച്ച് പൊതുവഴിയിൽ കല്ലറ നിർമിച്ചതെന്ന് പള്ളി കമ്മറ്റി ആരോപിച്ചു. പഞ്ചായത്ത് അധികൃതരുടെ ഒത്താശയോടെയാണ് റോഡ് കൈയേറിയുള്ള അനധികൃത നിർമാണം തുടരുന്നതെന്നും ഇവർ കുറ്റപ്പെടുത്തി. ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കണമെന്നും, അല്ലാത്തപക്ഷം പഞ്ചായത്ത് ഉപരോധം ഉൾപ്പെടെയുള്ള സമരപരിപാടികളിലേക്ക് കടക്കേണ്ടിവരുമെന്നും ഭാരവാഹികൾ പറഞ്ഞു. അനധികൃത നിർമാണം പൊളിച്ചുമാറ്റണമെന്ന് ആവശ്യപ്പെട്ട് നിരവധി പരാതികൾ നൽകിയിട്ടും അധികൃതർ നടപടി സ്വീകരിച്ചില്ലെന്നും, നിർമാണങ്ങൾ അടിയന്തരമായി നീക്കം ചെയ്തില്ലെങ്കിൽ പ്രദേശത്ത് ക്രമസമാധാന പ്രശ്നങ്ങൾക്ക് കാരണമാകുമെന്നും ഭാരവാഹികൾ പറയുന്നു . എന്നാൽ സെമിത്തേരി കടന്നുപോകുന്ന റോഡിൽ തർക്കങ്ങൾ നിലനിൽക്കുന്നതിനാൽ അടുത്ത ദിവസം ഈ വിഷയത്തിൽ കമ്മറ്റിയിൽ ചർച്ച നടത്തി നടപടി സ്വീകരിക്കും എന്ന് പഞ്ചായത്ത് ഭരണസമിതി അറിയിച്ചു. വികാരി ഫാ. സജോ പി. മാത്യു ഇലവുങ്കൽ, സഹവികാരി ഫാ. ബിനോയ് ചാക്കോ കുന്നത്ത്, ഫാ. മനോജ് വർഗീസ് ഈരാച്ചേരിൽ, ട്രസ്റ്റിമാരായ ഷാജി എലിയാസ് നിരവത്ത്, ഷിജോ കെ.ജി. കോഴക്കാട്ട്, സെക്രട്ടറി എൽദോസ് കീപ്പാലക്കാട്ട്, കുര്യൻ കല്ലുവെട്ടാംകുഴി എന്നിവർ ഇതുമായി ബന്ധപ്പെട്ട് നിയമ നടപടികൾക്ക് ഒരുങ്ങുകയാണ്.